SHARE

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ ബ്രസീൽ സൂപ്പർ താരം നെയ്മറിന് പരിക്ക്. കണ്ണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് മത്സരത്തിന്റെ പതിനേഴാം മിനുറ്റിൽ കളം വിട്ട നെയ്മർ, പിന്നീട് കരയുന്ന മുഖത്തോടെയാണ് സൈഡ് ബെഞ്ചിലിരുന്ന് മത്സരം കണ്ടത്. കോപ്പ അമേരിക്കയ്ക്ക് മുൻപ് ബ്രസീൽ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ് നെയ്മറിനേറ്റ ഈ പരിക്ക്.

കഴിഞ്ഞ കുറച്ച് നാളുകളായി തുടർച്ചയായി പരിക്കിന്റെ പിടിയിലായ നെയ്മർക്ക് ഖത്തറിനെതിരായ മത്സരത്തിൽ എതിർ താരത്തിന്റെ ടാക്കിളാണ് പണി കൊടുത്തത്. കണ്ണങ്കാലിന് പരിക്കേറ്റ താരം തൊട്ടു പിന്നാലെ തന്നെ ഗ്രൗണ്ട് വിട്ടു. പിതാവിനൊപ്പം ക്രച്ചസിലായിരുന്നു നെയ്മറെ പിന്നീട് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ നെയ്മറിന് ഇപ്പോൾ സംഭവിച്ച പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് അറിയാൻ പറ്റൂ. പരിക്ക് കൂടുതൽ പ്രശ്നമാണെങ്കിൽ ഇത്തവണ നാട്ടിൽ നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് നെയ്മറിന് നഷ്ടമാകും.