SHARE

ഏറെ പ്രതീക്ഷയോടെയായിരുന്നു ബ്രസീല്‍ ലോകകപ്പിന് വേണ്ടി റഷ്യയിലെത്തിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 2-1ന് പരാജയപ്പെട്ട് പുറത്താവാനായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരുടെ വിധി. ലോകകപ്പിന് ശേഷം  കോച്ച് ടിറ്റെയെ നിലനിര്‍ത്തണോ പുറത്താക്കണോ എന്ന രീതിയിലുള്ള ചര്‍ച്ചകളാണ് ബ്രസീല്‍ ഫുട്‌ബോളില്‍ നിന്ന് ഇപ്പോൾ പുറത്തു വരുന്നത്.

അതിനിടെ കോച്ചിനെ പ്രശംസിച്ചും പിന്തുണച്ചും രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ താരം നെയ്മര്‍. ‘ ടിറ്റെ ലോകകപ്പില്‍ വളരെ മികച്ച രീതിയിലാണ് ടീമിനെ ഒരുമിച്ച് നിര്‍ത്തിയത്, ശക്തമായ ഈ ടീമിനെ പടുത്തുയര്‍ത്താന്‍ അദ്ദേഹം നന്നായി പണിയെടുത്തിട്ടുണ്ട്, അദ്ദേഹം പരിശീലകനായി തുടരുമെന്നാണ് എന്റെ പ്രതീക്ഷ’ – നെയ്മര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ലോകകപ്പിനിടെ നിരവധി വിമര്‍ശനങ്ങളാണ് നെയ്മര്‍ നേരിട്ടത്. പലപ്പോഴും മൈതാനത്ത് പരുക്ക് അഭിനയിച്ച് കിടന്നെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ അതിനോടും താരം പ്രതികരിച്ചു. വിമര്‍ശനങ്ങളെ വെറും തമാശ മാത്രമായി എടുക്കുകയാണ്. അവര്‍ പറയട്ടെ, അതിനോട് തര്‍ക്കിക്കാന്‍ താനില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.