SHARE

ഫുട്‌ബോള്‍ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു പിഎസ്ജി താരം നെയ്മര്‍ പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിയത്. കുടുംബത്തില്‍ ആര്‍ക്കോ അത്യാഹിതം സംഭവിച്ചതിനാലാണ് താരം മടങ്ങിയതെന്ന തരത്തില്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു. എന്നാല്‍ സത്യമെന്തെന്ന് വച്ചാല്‍ സുഹൃത്തിന്റെ പിറന്നാളില്‍ പങ്കെടുക്കാനും ബാല്യകാല ദന്ത ഡോക്ടറെ സന്ദര്‍ശിക്കാനുമായിരുന്നു നെയ്മര്‍ പിഎസ്ജിയുടെ മത്സരം പോലും ഉപേക്ഷിച്ച് ബ്രസീലിലേക്ക് വിമാനം കയറിയത്. എന്തായാലും പിഎസ്ജി പരിശീലകന്‍ കട്ടക്കലിപ്പിലാണ്.

നെയ്മറിന്റെ സുഹൃത്തായ റെയ്‌നാല്‍ഡോ പിറ്റയുടെ പിതാവ് ട്വിറ്ററില്‍ പങ്കുവച്ച സന്ദേശമാണ് താരത്തിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്താകാന്‍ കാരണം. താങ്കളുടെ സന്ദര്‍ശനത്തിന് നന്ദി. ഇപ്പോള്‍ നിങ്ങള്‍ ആ പഴയ ആള് തന്നെയാണ്. അതുകൊണ്ടാണ് താങ്കള്‍ സ്‌നേഹിക്കപ്പെടുന്നത്. നന്ദി നെയ്മര്‍. എന്റെ പാര്‍ട്ടിക്ക് നല്കിയ വലിയ സമ്മാനമാണിത്- പിറ്റയുടെ പിതാവ് ട്വിറ്ററില്‍ കുറിച്ചു. കൂട്ടുകാരന്റെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്ന് നെയ്മര്‍ നേരെ പോയത് റാഫേല്‍ പുഗ്ലിസി എന്ന തന്റെ വിശ്വസ്തനായ ദന്ത ഡോക്ടറുടെ വീട്ടിലേക്കാണ്. ഈ സന്ദര്‍ശനം പുറത്തായത് ഡോക്ടര്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ചിത്രത്തിലൂടെയാണ്.

സുഹൃത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ചിത്രം

അതേസമയം, നെയ്മറിന്റെ യാത്രയെപ്പറ്റി പിഎസ്ജി പരിശീലകന്‍ പറയുന്നത് ഇങ്ങനെ- ശനിയാഴ്ച്ച രാവിലെ നെയ്മര്‍ വിളിച്ചിരുന്നു. നെയ്മറിന്റെ കുടുംബത്തില്‍ അത്യാവശ്യമായ ചില കാര്യങ്ങള്‍ ഉണ്ടെന്നും ക്ലബും താനും അനുവദിച്ചാല്‍ ബ്രസീല്‍ വരെ പോയി വരാമെന്നും പറഞ്ഞിരുന്നു. അത് അദേഹത്തിന്റെ വ്യക്തിപരമായ ആവശ്യമായിരുന്നതിനാല്‍ അനുമതി നല്കി- ഉനൈ എമെറി പറയുന്നു. പുതിയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ നെയ്മറിന് പിഎസ്ജിയില്‍ വിമര്‍ശകര്‍ ഏറുമെന്ന് ഉറപ്പാണ്.