SHARE

ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിന് ശേഷം എതിരാളികളെ അഭിനന്ദിച്ച് പി എസ് ജി സൂപ്പർ താരം നെയ്മർ ജൂനിയർ ഇട്ട ട്വീറ്റ് ഫുട്ബോൾ ലോകത്ത് വൈറലായി. ബയേൺ മ്യൂണിക്കിനെ അഭിനന്ദിക്കാൻ ഇട്ട ട്വീറ്റിൽ ബയേണിന് പകരം ബയേർ എന്ന് നെയ്മർ എഴുതിയതാണ് ഇതിന് കാരണം. ഇതിന് മറുപടി നൽകി ജർമ്മൻ ക്ലബ്ബായ ബയേർ ലെവർക്യൂസൻ രംഗത്തെത്തുക കൂടി ചെയ്തതോടെ സംഭവം ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തു.

ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിന് ശേഷം നെയ്മർ ഇട്ട ട്വീറ്റ് ഇങ്ങനെയായിരുന്നു, ” പരാജയങ്ങൾ സ്പോർട്സിൽ സാധാരണമാണ്. ഞങ്ങൾ എല്ലാ രീതിയിലും ശ്രമിച്ചു. അവസാനം വരെ പൊരുതി. എല്ലാവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി, അഭിനന്ദനങ്ങൾ ബയേർ’. ട്വീറ്റിൽ ബയേണിന് പകരം ബയേർ എന്ന് താരം എഴുതിയതാണ് അബദ്ധമായത്.

ഈ ട്വീറ്റിന് മറുപടിയുമായി പിന്നാലെ ബയേർ ലെവർക്യൂസൻ രംഗത്തെത്തി. ” എല്ലാത്തിനും നന്ദി നെയ്മർ. സീസൺ കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ ഫിഫ ഗെയിം കളിച്ചുകൊണ്ടിരുന്ന എന്നെ അഭിനന്ദിച്ചത് എന്തിനാണെന്ന് മനസിലായില്ല. എങ്കിലും നന്ദി”. ബയേർ ലെവർക്യൂസൻ ക്ലബ്ബ് നെയ്മറിന്റെ ട്വീറ്റിന് മറുപടി നൽകി. അവരുടെ രസകരമായ മറുപടി ഫുട്ബോൾ ലോകത്ത് ചിരി പടർത്തുകയും ചെയ്തു.

അതേ സമയം നെയ്മർക്ക് യാതൊരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നാലെ ആരാധകർ രംഗത്തെത്തി. പോർച്ചുഗീസ്, ഫ്രഞ്ച് ഭാഷകളിൽ ബയേണിനെ, ബയേർ എന്നാണ് പറയുന്നതെന്നും, അതാണ് ട്വിറ്ററിൽ ബയേണിന് പകരം ബയേർ എന്ന് നെയ്മർ എഴുതിയതെന്നുമാണ് അവർ വ്യക്തമാക്കുന്നത്.