SHARE

ലോകകപ്പിനായി ഏറെ പ്രതീക്ഷയോടെയാണ് സൂപ്പര്‍ താരം നെയ്മറും ബ്രസീല്‍ ടീമും റഷ്യയിലേക്ക് വണ്ടി കയറിയത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ തലമുറയോട് 2-1ന് പരാജപ്പെട്ട് പുറത്താവുകയായിരുന്നു കാനറികള്‍. എന്തായാലും ലോകകപ്പ് തോല്‍വിയെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണിപ്പോള്‍ നെയ്മര്‍. സ്വന്തം നാട്ടില്‍ നെയ്മര്‍ തന്നെ സംഘടിപ്പിച്ച നെയ്മര്‍ ഫൈവ്സ് ഫുട്ബോൾ ടൂര്‍ണ്ണമെന്റില്‍ സംസാരിക്കവേയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ലോകകപ്പില്‍ പരാജയപ്പെട്ടതിന് ശേഷം ഫുട്‌ബോള്‍ മത്സരം കാണാന്‍ പോലും തോന്നിയില്ലെന്ന് താരം പറയുന്നു. ‘ ഫുട്‌ബോള്‍ ഇനി കളിക്കില്ലെന്ന് എനിക്ക് പറയാനാവില്ല, എന്നാല്‍ ലോകകപ്പില്‍ പരാജയപ്പെട്ടതിന് ശേഷം എനിക്ക് പന്തുരുളുന്നത് കാണാന്‍ പോലും തോന്നിയില്ല, ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല’ – നെയ്മര്‍ പറഞ്ഞു.

‘ ഞാന്‍ വലിയ വിഷമത്തിലായിരുന്നു, എന്നാല്‍ ആ വിഷമങ്ങളെല്ലാം കടന്നു പോവും, ഇപ്പോള്‍ എന്റെ കൂടെ മകനും കുടുംബവും സുഹൃത്തുക്കളുമെല്ലാം ഉണ്ട്, അവര്‍ക്കൊന്നും ഞാന്‍ വിഷമിച്ചിരിക്കുന്നത് കാണാനാവില്ല, അത് തന്നെയാണ് സങ്കടത്തേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്ന കാര്യം’ – നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ റയലിലേക്ക് പോവുകയാണെന്ന അഭ്യൂഹങ്ങള്‍ മാധ്യമസൃഷ്ടിയാണെന്നും താരം വ്യക്തമാക്കി.