SHARE

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നതാണ് ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിലെ ബാഴ്സലോണ-പി.എസ്.ജി പോരാട്ടം. സൂപ്പർതാരങ്ങളായ നെയ്മറും ലയണൽ മെസിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് മത്സരത്തിലെ ഹൈലൈറ്റ്. അടുത്തയാഴ്ച ഈ ചാമ്പ്യൻസ് ലീ​ഗ് പോരാട്ടത്തിന്റെ ആദ്യപാദം നടക്കാനൊരുങ്ങുകയാണ്.

ആവേശപ്പോരിനായി ലോകം കാത്തിരിക്കുമ്പോൾ ആശങ്കപ്പെടുത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. സൂപ്പർപോരാട്ടത്തിന് തൊട്ടുമുമ്പായി പി.എസ്.ജി താരം നെയ്മറിന് പരുക്കേറ്റു. ഇന്നലെ കയിനെതിരെ നടന്ന ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെയാണ് നെയ്മറിന്റെ കാലിലെ പേശിക്ക് പരുക്കേറ്റത്.

ഇതോടെ മത്സരത്തിനിടെ നെയ്മർ കളിക്കളം വിട്ടു. നെയ്മറിന്റെ പരുക്കിനെക്കുറിച്ച് കൃത്യമായി വിവരം ഇതുവരെ ക്ലബ് അധികൃതർ നൽകിയിട്ടില്ല. എന്നാൽ താരത്തിന്റെ പരുക്ക് സാരമുള്ളതല്ല എന്നാണ് സഹതാരം മോയിസ് കീൻ മത്സരശേഷം പറഞ്ഞത്. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിനോടടുത്തുള്ള സമയത്ത് നെയ്മറിന് പരുക്ക് പതിവാണ്. പി.എസ്.ജിയിലെത്തിയശേഷമുള്ള ആദ്യ രണ്ട് സീസണുകളിലും നെയ്മരിന് പരുക്കിനെത്തുടർന്ന് നിർണായകമത്സരങ്ങൾ നഷ്ടമായി. അക്കുറിയൊക്കെ പി.എസ്.ജി പ്രീക്വാർട്ടറിൽ പുറത്തായി. കഴിഞ്ഞ സീസണിൽ നെയ്മറിനെ പരുക്ക് പിടികൂടിയില്ല. സീസണിൽ പി.എസ്.ജി ഫൈനൽ വരെ മുന്നേറി.