SHARE

ഫ്രെഞ്ച് ലീഗ് വണ്ണിൽ മാർസെയ്ക്കെതിരായ മത്സരത്തിൽ പി എസ് ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് പരിക്ക്. പി.എസ് ജി 3-0 ന് ജയിച്ച കളിക്കിടെ നെയ്മറിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കാലിന് പരിക്കേറ്റ താരത്തെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടു പോയത്.

പാരീസിന്റെ ഹോംഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു നെയ്മറിന് പരിക്കേറ്റത്. മത്സരത്തിന്റെ എഴുപത്തിയാറാം മിനുറ്റിൽ മാർസെ മിഡ് ഫീൽഡർ ബൗണ സാറുമായി പന്തിന് വേണ്ടി നടത്തിയ പോരാട്ടത്തിനിടെ എതിർ താരം നെയ്മറിന്റെ കണ്ണങ്കാലിൽ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റതിനെത്തുടർന്ന് മൈതാനത്ത് വീണ താരം കരഞ്ഞ് കൊണ്ടാണ് കളം വിട്ടത്.

താരത്തിന്റെ പരിക്ക് ഗുരുതരമാണെങ്കിലും ഇതിനെത്തുടർന്ന് എത്ര നാൾ വിശ്രമം വേണ്ടി വരുമെന്ന കാര്യങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ പരിക്കിനെത്തുടർന്ന് റയൽ മാഡ്രിഡുമായുള്ള ചാമ്പ്യൻസ് ലീഗ് മത്സരം താരത്തിന്‌ നഷ്ടമായേക്കും. നെയ്മർ പുറത്താവുന്നത് ഫ്രെഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ക്ക് കനത്ത തിരിച്ചടിയാണ് നൽകുക. ഈ വർഷം ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമ്മനിലെത്തിയ താരം 20 ലീഗ് മാച്ചുകളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്.