SHARE

ഈ സീസണോടെ പാരീസ് സെന്റ് ജെര്‍മെയ്‌നുമായുള്ള കരാര്‍ അവസാനിപ്പിക്കുമെന്ന് നെയ്മറിന്റെ പിതാവ് കഴിഞ്ഞദിവസം ക്ലബിനെ അറിയിച്ചതായി വാര്‍ത്ത വന്നിരുന്നു. നെയ്മര്‍ ക്ലബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ പിഎസ്ജി അടുത്ത സീസണിലേക്കുള്ള ടീം ജേഴ്‌സി പ്രകാശനം ചെയ്തു. നെയ്മര്‍ നിറഞ്ഞു നില്‍ക്കുന്ന പുതിയ ടീം കിറ്റാണ് പിഎസ്ജി അവതരിപ്പിച്ചത്.

കെയ്‌ലിയന്‍ എംബാപ്പെ, എഡിന്‍സണ്‍ കവാനി, ഡാനി ആല്‍വ്‌സ്, മാര്‍ക്കോ വെറാറ്റി എന്നിവരുടെ പോസ്റ്ററില്‍ നെയ്മറിനൊപ്പം പ്രത്യപ്പെടുന്നുണ്ട്. എന്നാല്‍ നെയ്മറാണ് കേന്ദ്ര സ്ഥാനത്തെന്ന് മാത്രം. ബ്രസീലിയന്‍ താരം ക്ലബ് വിട്ടേക്കില്ലെന്ന സൂചനകളാണ് പുതിയ ജേഴ്‌സി അനാച്ഛാദനത്തിലൂടെ ലഭിക്കുന്ന സൂചനകളെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ പറയുന്നത്. നിലവിലെ കരാര്‍ പ്രകാരം നെയ്മര്‍ക്ക് 2022 വരെ പിഎസ്ജിയില്‍ കളിക്കാം.

പിഎസ്ജി ടീം മാനേജ്‌മെന്റുമായും കളിക്കാരുമായി അത്ര സുഖത്തിലല്ല താരം. പരിക്കറ്റശേഷം നെയ്മര്‍ ബ്രസീലിലേക്ക് പോയതും തിരികെ വരാന്‍ താമസിച്ചതും ആരാധകരെയും ചൊടിപ്പിച്ചിരുന്നു. ഈ സീസണോടെ മകന്‍ പിഎസ്ജി വിടാന്‍ താല്പര്യപ്പെടുന്നതായി നെയ്മറിന്റെ പിതാവ് ക്ലബ് ഉടമ നാസെര്‍ അല്‍ ഖെലൈഫിയെ അറിയിച്ചിരുന്നു. റയല്‍ മാഡ്രിഡിലേക്ക് ചുവടുമാറ്റാനാണ് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പദ്ധതിയെന്ന് സ്പാനിഷ് പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.