SHARE

പിഎസ്ജി സൂപ്പര്‍താരം നെയ്മര്‍ മാര്‍ച്ചില്‍ കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് പരിശീലകന്‍ തോമസ് ടച്ചല്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായുള്ള ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനുശേഷമേ ബ്രസീലുകാരന്‍ കളത്തില്‍ തിരിച്ചെത്തൂ എന്ന് ടച്ചല്‍ വ്യക്തമാക്കി. മാര്‍ച്ച് ആറിന് പാരിസിലാണ് പിഎസ്ജി-യുണൈറ്റഡ് പോരാട്ടം.

കഴിഞ്ഞ ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്‌ട്രോസ്ബര്‍ഗിനെതിരായ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. വലതുകാലിന് പരിക്കേറ്റ താരത്തിന് 10 ആഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെത്തിയാല്‍ നെയ്മറിനെ കളിപ്പിക്കാമെന്ന കണക്കുക്കൂട്ടലിലാണ് ടീം. മാര്‍ച്ചില്‍ മടങ്ങിയെത്തിയാല്‍ പരിശീലനം നല്‍കി നെയ്മറിന്റെ കായികക്ഷമത വീണ്ടെുക്കാനാണ് പിഎസ്ജി ഉദ്ദേശിക്കുന്നത്.

ഏപ്രിലിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. കഴിഞ്ഞവര്‍ഷം സമാനമായ പരിക്കില്‍ നെയ്മര്‍ മൂന്നുമാസം കളത്തില്‍നിന്ന് വിട്ടുനിന്നു. നിലവില്‍ ബ്രസീലിലെ വീട്ടില്‍ വിശ്രമത്തിലാണ് നെയ്മര്‍. താരത്തിന്റെ മടങ്ങിവരവ് ടീമിന് കൂടുതല്‍ ശക്തി പകരും.