SHARE

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായി കരാർ പുതുക്കിയെന്ന് റിപ്പോർട്ടുകൾ. 2026 വരെ നീളുന്ന പുതിയ കരാറാണ് നെയ്മർ ഒപ്പുവെച്ചതെന്ന് ലെ എക്വിപെ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഇന്ന് ഔദ്യോ​ഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

2017-ൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് റെക്കോർഡ് ട്രാൻസ്ഫർ തുകയായ 222 ദശലക്ഷം യൂറോ മുടക്കിയാണ് പി.എസ്.ജി നെയ്മറിനെ ഒപ്പം കൂട്ടിയത്. അന്ന് ഒപ്പുവച്ച കരാർ 2022-ൽ അവസാനിക്കും. ഈ കരാറിന്റെ അവസാനവർഷത്തിലേക്ക് കടക്കാനൊരുങ്ങവെയാണ് പി.എസ്.ജി നെയ്മറിന്റെ കരാർ പുതുക്കിയതെന്നാണ് റിപ്പോർട്ടുകൾ. നാല് വർഷത്തേക്കുള്ള കരാറാണ് നെയ്മർ ഒപ്പുവച്ചതെന്നാണ് വാർത്ത.

മുമ്പ് പലപ്പോഴും നെയ്മറിനെ തിരിച്ചെത്തിക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു. നെയ്മറിനും പി.എസ്.ജി വിടാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി താൻ പി.എസ്.ജിയിൽ സുതൃപ്തനാണെന്ന് നെയ്മർ പറയുന്നുണ്ടായിരുന്നു. ഇതോടെ താരം കരാർ പുതുക്കുമെന്ന് സൂചന ലഭിച്ചിരുന്നു.

ഇതിനിടെ ബാഴ്സ വീണ്ടും നെയ്മറിനെ തിരികെയെത്തിക്കാൻ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണിപ്പോൾ താരം പി.എസ്.ജിയുമായി കരാർ പുതുക്കിയതെന്ന് ഫ്രഞ്ച് പത്രം പറയുന്നത്. നെയ്മറിന് പുറമെ മുന്നേറ്റതാരം കെയ്ലിൻ എംബാപെയുടെ കരാർ പുതുക്കാനും പി.എസ്.ജി ശ്രമിക്കുന്നുണ്ട്.