SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ബയേൺ മ്യൂണിച്ചിനെ തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറിയതിന് പിന്നാലെ ഭാവിയെക്കുറിച്ച് നിർണായക തീരുമാനമെടുത്ത് പി.എസ്.ജി സൂപ്പർതാരം നെയ്മർ. ഫ്രഞ്ച് ക്ലബുമായി കരാർ പുതുക്കമെന്ന് വ്യക്തമായ സൂചന മത്സരശേഷം നെയ്മർ നൽകി.

സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് 2017-ൽ പി.എസ്.ജിയിലെത്തിയ നെയ്മറിന്റെ കരാർ 2022-ൽ അവസാനിക്കും. നെയ്മർ ഈ കരാർ പുതുക്കുമോയെന്നത് സംശയമായിരുന്നു. എന്നാൽ തന്റെ കരാർ പുതുക്കൽ ആശങ്കപ്പെടേണ്ട ഒരു പ്രശ്നമേയല്ലെന്നാണ് ബയേണിനെതിരായ മത്സരശേഷം നെയ്മർ ഇ.എസ്.പി.എന്നിനോട് പറഞ്ഞത്. പി.എസ്.ജിയിൽ ഇപ്പോൾ വളരെയേറെ സുഖകരമായ സാഹചര്യമാണെന്നും മുമ്പത്തേതിനേക്കാൾ സന്തോഷവാനാണ് താനെന്നും നെയ്മർ കൂട്ടിച്ചേർത്തു.

നെയ്മർ പി.എസ്.ജിൽ തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് ക്ലബ് പ്രസിഡന്റ് നാസർ അൽ ഖലേഫിയും. നെയ്മറും എംബാപെയും ക്ലബ് വിടാനുള്ള എന്തെങ്കിലും കാരണങ്ങൾ ഞാൻ കാണുന്നില്ല, നിലവിൽ എല്ലാ കിരീടവും നേടാൻ കഴിയുന്ന ഏറ്റവും മികച്ച ടീമാണ് ഞങ്ങളുടേയത്, ഖലേഫി ആർ.എം.സി സ്പോർട്ടിനോട് പറഞ്ഞു.