SHARE

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ രണ്ടാം പാദ പോരാട്ടത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയ്ക്കെതിരെ പി.എസ്.ജിക്കായി സൂപ്പർതാരം നെയ്മർ കളിക്കില്ല. പരുക്ക് പൂർണമായി ഭേദമാകാത്തതിനാലാണിത്. ഇതോടെ ലയണൽ മെസി-നെയ്മർ പോരാട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകർ നിരാശരായി.

കഴിഞ്ഞ മാസം ആദ്യമാണ് ഫ്രഞ്ച് കപ്പ് മത്സരത്തിനിടെ നെയ്മറിന് പരുക്കേറ്റത്. ഇതോടെ ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യപാദ പോരാട്ടം നെയ്മറിന് നഷ്ടമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നെയ്മർ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. ഇതോടെ സൂപ്പർതാരം ബാഴ്സയ്ക്കെതിരെ കളിച്ചേക്കും എന്ന് സൂചനകൾ ലഭിച്ചു. എന്നാൽ നെയ്മറിനെ കളിപ്പേക്കണ്ടന്ന് ഒടുവിൽ ക്ലബ് തീരുമാനിക്കുകയായിരുന്നു.

ബാഴ്സയുടെ മൈതാനത്ത് നടന്ന ആദ്യ പാദ പോരിൽ പി.എസ്.ജി ഒന്നിനെതിരെ നാല് ​ഗോളിന് ജയിച്ചിരുന്നു. ഈ സാഹചര്യത്തിൽ നാളെ സ്വന്തം തട്ടകത്തിൽ വൻ തോൽവി വഴങ്ങാതിരുന്നാൽ മാത്രം മതി പി.എസ്.ജിക്ക് ക്വാർട്ടരിലേക്ക് മുന്നേറാൻ.