SHARE

സൂപ്പർ താരം നെയ്മറിന് വീണ്ടും വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ആരാധകന്റെ മുഖത്തിടിച്ച സംഭവത്തിലാണ് മൂന്ന് മത്സരങ്ങളിൽ നിന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയത്.

റെന്നെസിനെതിരായ ഫൈനലിൽ പി.എസ്.ജി തോറ്റതിന് ശേഷം മെഡൽ വാങ്ങാനായി താരങ്ങൾ പോകുന്നതിനിടെയാണ് സംഭവം. ഒരു ആരാധകനുമായി വാക്കുതർക്കത്തിലേർപ്പെട്ട നെയ്മർ പെട്ടെന്ന് മുഖത്തിടിക്കുകയായിരുന്നു. സംഭവത്തിനെതിരെ സ്വന്തം ടീമിൽ നിന്നടക്കം നെയ്മർ വിമർശനം നേരിട്ടു. ഇതിനുപിന്നാലെയാണ് അധികൃതർ‍ വിലക്കേർപ്പെടുത്തിയത്. ഇതോടെ ലീ​ഗിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ചൈനയിൽ നടക്കുന്ന റെന്നെസിനെതിരായ മത്സരവും നെയ്മറിന് നഷ്ടമാകും

എട്ട് മത്സരങ്ങൾ വരെ നെയ്മറിന് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ അധികൃതർ മൂന്നിൽ ഒതുക്കുകയായിരുന്നു. ചാമ്പ്യൻസ് ലീ​ഗ് മത്സരത്തിലെ റഫറിമാരെ അധിക്ഷെപിച്ചതിന് നേരത്തെ മൂന്ന് ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങളിൽ നിന്ന് നെയ്മറിന് വിലക്കുണ്ട്. ഇതോടെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീ​ഗിലെ പകുതി ​ഗ്രൂപ്പ് മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും