SHARE

ലോകഫുട്ബോളിലെ സഞ്ചാരിമാരുടെ പട്ടികയിൽ പെടുന്ന കളിക്കാരിലൊരാളാണ് ഫ്രഞ്ച് താരം നിക്കോളാസ് അനെൽക്ക. 19 വർഷം നീണ്ട കരിയറിൽ ഏഴ് രാജ്യങ്ങളിലായി പന്ത്രണ്ടോളം ക്ലബുകളിൽ അനെൽക്ക കളിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഐ.എസ്.എൽ ക്ലബ് മുംബൈ സിറ്റിയുമുണ്ട്. 2015-ൽ വരിമിച്ച അനൽക്ക ഇപ്പോൾ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ് പരിശീലകനായി.

ഫ്രാൻസിലെ പ്രധാന ക്ലബുകളിലൊന്നായ ലിലെയുടെ യൂത്ത് ടീമിനെ പരിശീലിപ്പിക്കാനുള്ള ചുമതലയാണ് അനെൽക്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ലിലെയുടെ പ്രസിഡന്റ് ജെറാർഡ് ലോപസാണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. നിലവിൽ ഫ്രഞ്ച് ലീ​ഗിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ലിലെ. അതിനാൽ തന്നെ ക്ലബിന്റെ യൂത്ത് ടീം കോച്ചെന്ന സ്ഥാനം അനെൽക്കയ്ക്ക് കടുത്ത വെല്ലുവിളിയാകും. നേരത്തെ മുംബൈയുടെ പ്ലെയർ മാനേജർ ആയിരുന്ന അനുഭവസമ്പത്ത് അനെൽക്കയ്ക്കുണ്ട്.

പി.എസ്.ജി, റയൽ മഡ്രിഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ, യുവന്റസ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പൻ ക്ലബുകളിൽ കളിച്ചിട്ടുളള താരമാണ് സ്ട്രൈക്കറായ അനെൽക്ക. ഫ്രാൻസ് ദേശീയ ടീമിനായി അമ്പതിലേറെ മത്സരങ്ങൾ അനെൽക്ക കളിച്ചിട്ടുണ്ട്. 2000-ത്തിൽ ഫ്രാൻസ് യൂറോകപ്പ് നേടിയപ്പോഴും അനെൽക്ക ടീമിലുണ്ടായിരുന്നു