SHARE

എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം നിക്ക് കോംപ്ടൺ. കഴിഞ്ഞ ദിവസം ഇ എസ് പി എൻ ക്രിക്കിൻഫോയോട് സംസാരിക്കുമ്പോളായിരുന്നു താരം എക്കാലത്തെയും മികച്ച ടീമിനെ തിരഞ്ഞെടുത്തത്. താൻ കളിച്ച് കൊണ്ടിരുന്ന സമയത്ത് തനിക്കൊപ്പം കളിച്ചിരുന്ന താരങ്ങളിൽ നിന്നുള്ള മികച്ച ഇലവനെയാണ് കോംപ്ടൺ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മുരളി കാർത്തിക്ക് മാത്രമാണ് ഈ ടീമിലുള്ളത്.

അഞ്ച് ഇംഗ്ലണ്ട് താരങ്ങൾ ഇടം പിടിച്ചിരിക്കുന്ന കോം പ്ടണിന്റെ ടീമിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക മുൻ ഇംഗ്ലണ്ട് താരം‌ അലസ്റ്റർ കുക്കും, ഓസ്ട്രേലിയയുടെ ഫിൽ ഹ്യൂസും ചേർന്നാണ്. മൂന്നാം നമ്പരിൽ ദക്ഷിണാഫ്രിക്കയുടെ ഹഷീം അംല കളിക്കും. ഇംഗ്ലണ്ടിന്റെ കെവിൻപീറ്റേഴ്സൺ, അയർലൻഡിന്റെ എഡ്മണ്ട് ജോയിസ്, ഇംഗ്ലണ്ടിന്റെ തന്നെ ബെൻ സ്റ്റോക്ക്സ്, ജോണി ബെയർസ്റ്റോ എന്നിവർ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തും.

-Advertisement-

ദക്ഷിണാഫ്രിക്കൻ താരം വെർണോൺ ഫിലാൻഡർ, ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ടിന്റെ സ്റ്റുവാർട്ട് ബ്രോഡ് എന്നിവരാണ് കോംപ്ടൺ തിരഞ്ഞെടുത്ത ടീമിലെ ‌പേസ് ബൗളർമാർ. ഇന്ത്യയിൽ നിന്ന് ഈ ടീമിൽ ഇടം പിടിച്ച ഏക താരം ഇടം കൈയ്യൻ സ്പിന്നർ മുരളി കാർത്തിക്കാണ്. ഇന്ത്യയ്ക്ക് വേണ്ടി 8 ടെസ്റ്റുകളും, 37 ഏകദിനങ്ങളും കളിച്ചിട്ടുള്ള കാർത്തിക്ക്, മുൻപ് കൗണ്ടി ക്രിക്കറ്റിൽ കോംപ്ടണിനൊപ്പം കളിച്ചിട്ടുണ്ട്.