SHARE

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ നൈജീരിയക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് ലോകകപ്പിലെ കന്നിക്കാരെ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകള്‍ നേടിയ അഹമ്മദ് മൂസയാണ് മത്സരത്തിൽ തിളങ്ങിയത്. നൈജീരിയ വിജയിച്ചതോടെ അത് അര്‍ജന്റീനക്കും ആശ്വാസമായി മാറിയിരിക്കുകയാണ്. അടുത്ത മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താല്‍ ലാറ്റിനമേരിക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കം.

കളി തുടങ്ങിയതോടെ മികച്ച മുന്നേറ്റങ്ങളാണ് ഐസ്‌ലന്‍ഡ് നടത്തിയത്. നൈജീരിയ പ്രതിരോധം ഉറച്ചു നിന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയില്‍ നാലു മിനുട്ടിനകം നൈജീരിയ കാത്തിരുന്ന നിമിഷം. ബോക്‌സിന്റെ ഇടതു ഭാഗത്ത് നിന്ന് വിക്ടര്‍ മോസസിന്റെ ക്രോസ്. തക്കം പാര്‍ത്ത് നിന്നിരുന്ന അഹമ്മദ് മൂസ പന്ത് വലയിലേക്ക് അടിച്ചു കയറ്റി. ഗോളടിച്ചതോടെ കൂടുതല്‍ ഉണര്‍ന്ന് കളിക്കുന്ന നൈജീരിയയെയാണ് കണ്ടത്. ഐസ്‌ലന്‍ഡ് അല്‍പ്പം പുറകിലേക്ക് പോവുകയും ചെയ്തു.

ഇത് മുതലെടുത്ത മൂസ 75ാം മിനുട്ടില്‍ മത്സരത്തിലെ രണ്ടാം ഗോളും നേടി. ബോക്‌സിനകത്ത് നിന്ന് ഐസ്‌ലന്‍ഡ് പ്രതിരോധത്തെയും ഗോള്‍കീപ്പറെയും മറികടന്നാണ് മൂസ ഗോള്‍വല കുലുക്കിയത്. 83ാം മിനുട്ടില്‍ ബോക്‌സിനകത്ത് നിന്ന് പെനാല്‍ട്ടി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ ഐസ്‌ലന്‍ഡിന്റെ സൂപ്പര്‍ താരം ജില്‍ഫി സൈഗര്‍ഡ്‌സണ് കഴിഞ്ഞില്ല. മത്സരം നൈജീരിയ സ്വന്തമാക്കുകയും ചെയ്തു.