SHARE

യുവ ഗോള്‍ കീപ്പര്‍മാരായ സഞ്ജിബന്‍ ഘോഷിനെയും നിഖില്‍ ബര്‍ണാര്‍ഡിനെയും ടീമിലെത്തിച്ച് ഐ എസ് എല്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സി. ഇരുവരും ചെന്നൈയിന്‍ ക്യാമ്പിലെത്തിയ വിവരം ക്ലബ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. ടീമിലെത്തിയ താരങ്ങളെ പരിശീലകന്‍ ജോണ്‍ ഗ്രെഗറി സ്വാഗതം ചെയ്തു.

ഐ എസ് എല്ലില്‍ ജംഷഡ്പൂര്‍ എഫ് സിയുടെ രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായിരുന്നു സഞ്ജിബന്‍ ഘോഷ്. 26കാരനായ സഞ്ജിബന് ഐ എസ് എല്ലില്‍ അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കിട്ടിയ അവസരത്തില്‍ പെനാല്‍ട്ടി രക്ഷപ്പെടുത്തി താരം ശ്രദ്ധ നേടി. അടുത്ത രണ്ടു സീസണുകളിലും സഞ്ജീബന്‍ ചെന്നൈയിനൊപ്പമുണ്ടാവും.

അതേ സമയം, ഗോകുലം എഫ് സിയുമായി കരാര്‍ അവസാനിച്ചതിന് ശേഷമാണ് നിഖില്‍ ചെന്നൈയിനുമായി ഒപ്പുവെച്ചിരിക്കുന്നത്. അടുത്ത ഒരു വര്‍ഷത്തേക്കാണ് കരാര്‍. ബെംഗളുരു എഫ് സി, ഓസോണ്‍ എഫ് സി തുടങ്ങിയ ക്ലബുകളില്‍ കുറച്ചു കാലം ചെലവഴിച്ചതിന് ശേഷം കഴിഞ്ഞ സീസണിലാണ് നിഖില്‍ ഗോകുലത്തിന്റെ ഗോള്‍വല കാക്കാനെത്തിയിരുന്നത്.