ലോകകപ്പിന് എത്തുന്ന മിക്ക ടീമുകള്‍ക്കും ആവശ്യമായ ജേഴ്സിയും ബൂട്ടും മറ്റു ഉപകരണങ്ങളും നല്‍കുന്നത് പ്രശസ്ത ബ്രാന്‍ഡുകളാണ്. നൈക്കിയും അഡിഡാസും റിബോക്കുമെല്ലാം മത്സരിച്ചാണ് ഇത്തരം കരാറുകള്‍ സ്വന്തമാക്കുന്നത്. ലോകകപ്പ് പടിവാതില്ക്കല് നില്‍ക്കേ നൈക്കിയുടെ ചതിയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
അമേരിക്കന്‍ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന് ബൂട്ടുകള്‍ നല്‍കാനാവില്ലെന്ന നിലപാടിലാണ് നൈക്കി. നൈക്കിയാണ് ഇതുവരെ ടീമിന് ബൂട്ടുകള്‍ സ്പോണ്സര് ചെയ്തിരുന്നത്. 2014 ലോകകപ്പിൽ സമാനമായ സാഹചര്യം നിലനിന്ന സമയത്തും നൈക്കി ബൂട്ടുകള്‍ നല്‍കിയിരുന്നെന്നും വിഷയത്തില്‍ വിശദീകരണവും പ്രശ്നത്തില്‍ പരിഹാരവും കാണണമെന്നാവശ്യപ്പെട്ട് ഇറാന് ഫുട്ബാള്‍ ഫെഡറേഷന് അധികൃതര്‍ ഫിഫക്ക് കത്തയച്ചിട്ടുണ്ട്.
യുഎസ് കമ്പനി എന്ന നിലയ്ക്ക് ഇക്കുറി ഇറാന് ദേശീയ ടീമംഗങ്ങള്‍ക്ക് നൈക്കി ഷൂസുകള്‍ വിതരണം ചെയ്യാന്‍ പറ്റില്ല. നിയമപ്രകാരം ഉപരോധം അനുസരിച്ചേ പറ്റൂവെന്നും നൈക്കി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2014 ലോകകപ്പില്‍ ഉപരോധം നിലവിലുണ്ടായിരുന്നപ്പോഴും നൈക്കി ഷൂസുകള്‍ ടീമിനു ലഭിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, ഫിഫാ ഇതുവരെ പ്രതികരിച്ചിട്ടില്ല. നൈക്കി നിലപാടു മാറ്റുമെന്ന പ്രതീക്ഷയിലാണ് ഇറാന് ആരാധകരും.