SHARE

ബ്രസീലിയൻ മുന്നേറ്റ താരം നിൽമർ കേരളാ ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തുമെന്ന് സൂചന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിൽമറുമായി ചേർത്ത് ബ്ലാസ്റ്റേഴ്സിന്റെ
വാർത്തകൾ പ്രചരിക്കുന്നതിനിടെ താരം ഇന്ത്യയിലേക്ക് യാത്ര തിരിക്കാനായി ദുബായി എയർപോർട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു. ഇതോടെ താരത്തിന്റെ ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

അതേ സമയം നിൽമർ വരുകയാണെങ്കിൽ ദിമിറ്റർ ബെർബറ്റോവിനെയോ, കെസിറോൺ കിസിറ്റോയേയോ ടീമിൽ നിന്ന് ഒഴിവാക്കേണ്ടി വരും. മാർക്ക് സിഫ്നിയോസ് പോയ ഒഴിവിൽ ഐസ്ലൻഡ് താരം ബാൽഡ് വിൻസൺ കഴിഞ്ഞ ദിവസം ടീമിലെത്തിയിരുന്നു.

ബ്രസീൽ ദേശീയ ടീമിനായി 24 മത്സരങ്ങൾ കളിച്ചിട്ടുള്ള നിൽമർ 9 ഗോളുകളും അവർക്കായി നേടിയിട്ടുണ്ട്. ലിയോൺ, കൊറിന്ത്യൻസ്, വിയ്യാറയൽ എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടിയും ഈ മുപ്പത്തിമൂന്നുകാരൻ പന്ത് തട്ടിയിട്ടുണ്ട്. വിംഗുകളിലും കളിപ്പിക്കാൻ കഴിയുന്ന നിൽമർ ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ കഴിവുള്ള താരമാണ്. യു.എ. ഇ ക്ലബ്ബായ അൽ നസറിന് വേണ്ടിയാണ് അദ്ദേഹം അവസാനം കളിച്ചിട്ടുള്ളത്.

പ്രധാന താരങ്ങളുടെ പരിക്കും, മാർക്ക് സിഫ്നിയോസിന്റെ മടങ്ങിപ്പോക്കും സമ്മർദ്ദത്തിലാക്കിയ കേരളാ ബ്ലാസ്റ്റേഴ്സിന് നിൽമറിന്റെ വരവ് കൂടുതൽ ഊർജ്ജംപകരുമെന്നാണ് കരുതുന്നത്. ഐ എസ് എല്ലിൽ നിലവിൽ 13 മത്സരങ്ങളിൽ 17 പോയിന്റുള്ള കേരളം പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.