SHARE

പ്രഥമ ഐ എസ് എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിൽ നിർണായക പങ്ക് വഹിച്ച പ്രതിരോധ താരം നിർമ്മൽ ഛേത്രി എഫ് സി ഗോവയുമായി കരാറൊപ്പിട്ടു. കഴിഞ്ഞ രണ്ട് സീസണിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പമായിരുന്ന ഛേത്രി അടുത്ത സീസൺ മുതലാകും ഗോവൻ ജേഴ്സിയണിയുക.

നാലാം സീസൺ ഇന്ത്യൻ സൂപ്പർലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം 16 മത്സരങ്ങളിലാണ് ഛേത്രി കളത്തിലിറങ്ങിയത്. നോർത്ത് ഈസ്റ്റ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും ഭേദപ്പെട്ട പ്രകടനമായിരുന്നു നിർമ്മൽ ഛേത്രിയുടേത്.

2006 ൽ എയർ ഇന്ത്യയിലൂടെ സീനിയർ കരിയർ തുടങ്ങിയ നിർമ്മൽ ഛേത്രി, മോഹൻ ബഗാൻ, ഡെമ്പോ, മൊഹമ്മദൻ തുടങ്ങിയ പ്രമുഖ ടീമുകൾക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി 15 മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ ഈ ഇരുപത്തിയേഴുകാരൻ കളിക്കാനൊരുങ്ങുന്ന മൂന്നാമത്തെ ഐ എസ് എൽ ടീമാണ് എഫ് സി ഗോവ.