SHARE

യുവതാരങ്ങളായ നിഷു കുമാറും തോംഗ്‌ഖോസിം ഹോക്കിപ്പും 2020 വരെ ബെംഗളുരു എഫ് സിയില്‍ കളിക്കും. താരങ്ങളുമായി കരാര്‍ നീട്ടിയ കാര്യം ബെംഗളുരു എഫ് സി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചത്. എ എഫ് സി കപ്പ് സോണല്‍ സെമിഫൈനലില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ക്ലബ് അല്‍തിന്‍ അസീര്‍ എഫ് സിയെ നേരിടാനിരിക്കുന്ന സാഹചര്യത്തിലാണ് യുവതാരങ്ങളെ നീലപ്പട ടീമിനൊപ്പം നിലനിര്‍ത്തിയത്.

2015ല്‍ ബെംഗളുരു എഫ് സിയില്‍ ചേര്‍ന്ന പ്രതിരോധ താരം നിഷു കുമാര്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഗോളും നേടുന്ന താരമാണ്. എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മാലിദ്വീപ് ക്ലബ് ന്യൂ റേഡിയന്റിനെതിരെ 90ാം മിനുട്ടില്‍ വിജയഗോള്‍ നേടിയത് നിഷു കുമാറായിരുന്നു. 2017ല്‍ ബെംഗളുരു എഫ് സിക്കൊപ്പമെത്തിയ ഹോക്കിപ്പ് എഫ് സി കപ്പില്‍ 9 മത്സരങ്ങള്‍ കളിച്ച് 3 ഗോളുകള്‍ നേടിയിരുന്നു.

ഓഗസ്റ്റിലാണ് എഫ് സി കപ്പ് സോണല്‍ സെമിഫൈനലിന്റെ ഇരുപാദമത്സരങ്ങളും നടക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച സീസണായിരുന്നു ബെംഗളുരുവിന് അവസാനിച്ചത്. ഐ എസ് എല്‍ ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ ബെംഗളുരു ചെന്നൈയിനോട് ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന പ്രഥമ സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കിരീടം നേടുകയും ചെയ്തു. ന്യൂറേഡിയന്റ് എഫ് സിയുടെ കനത്ത വെല്ലുവിളി മറികടന്നാണ് ഇന്ത്യന്‍ ക്ലബ് ഏഷ്യന്‍ പോരാട്ടത്തിലെ സോണല്‍ സെമിഫൈനല്‍ യോഗ്യത നേടിയത്.