SHARE

പരിക്കിൽ നിന്ന് മോചിതനായ നിതീഷ് റാണ, മുംബൈ ഇന്ത്യൻസിനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലെത്തുമെന്ന് സൂചന. പുറം വേദനയെത്തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയുള്ള അവസാന മത്സരത്തിൽ താരം കളിച്ചിരുന്നില്ല‌. ബാറ്റിംഗിലും ബോളിംഗിലും മികവ് പുലർത്താൻ കഴിയുന്ന റാണ തിരിച്ചെത്തുന്നത് ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

നേരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെത്തുടർന്ന് താരത്തിന് റിട്ടയേഡ് ഹർട്ട് ചെയ്യേണ്ടി വന്നിരുന്നു. പുറം വേദന പൂർണമായും വിട്ട് മാറാത്തതിനെത്തുടർന്നാണ് ചെന്നൈക്കെതിരെയും താരത്തിന് പുറത്തിരിക്കേണ്ടി വന്നത്. റാണ ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ അദ്ദേഹത്തിന് പകരക്കാരനായി കഴിഞ്ഞ മത്സരത്തിൽ കളിച്ച റിങ്കു സിംഗിന് ടീമിലെ സ്ഥാനം നഷ്ടപ്പെടും.

തന്റെ മുൻ ടീമായ മുംബൈ ഇന്ത്യൻസിനെതിരെയാണ് മത്സരമെന്നതിനാൽ റാണയുടെ സാന്നിധ്യം കൊൽക്കത്തൻ ടീമിനും ഗുണം ചെയ്യും. മുംബൈ ടീമിനേക്കുറിച്ചും, മത്സരം നടക്കുന്ന വാംഖഡെയിലെ പിച്ചിനെക്കുറിച്ചും മികച്ച ധാരണയുള്ള യുവതാരത്തിന് ഇന്നത്തെ മത്സരത്തിൽ മികവ് കാട്ടാൻ കഴിയുമെന്നാണ് ആരാധകർ കരുതുന്നത്. പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതേ വരെ 8 മത്സരങ്ങൾ കളിച്ച റാണ 188 റൺസും 4 വിക്കറ്റുകളും നേടിയിട്ടുണ്ട്.