SHARE

അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിട. ആരാധകര്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് -ബെംഗളൂരു എഫ്‌സി പോരാട്ടം ഡിസംബര്‍ 31ന് വൈകുന്നേരം തന്നെ ആസ്വദിക്കാം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചതോടെയാണ് ആശങ്ക അകന്നത്.

മത്സരം മാറ്റിവയ്ക്കാനാവില്ലെന്ന് സംഘാടകര്‍ പോലീസിനെ അറിയിച്ചു. നേരത്തെ മത്സരം രണ്ടുദിവസം നേരത്തെയാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ ക്രമീകരണവും നടത്തിയതിനാല്‍ തിയതി മാറ്റാനാവില്ലെന്ന് സംഘാടകര്‍ അറിയിക്കുകയായിരുന്നു. പുതുവര്‍ഷത്തിനായി പോലീസുകാര്‍ മറ്റു സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലാകുമെന്ന കാരണമായിരുന്നു മത്സരം മാറ്റിവയ്ക്കാന്‍ പോലീസ് നിരത്തിയ ന്യായീകരണം. എന്നാല്‍ സ്‌റ്റേഡിയത്തിലെ സുരക്ഷ തങ്ങളൊരുക്കാമെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് പറഞ്ഞിരുന്നു. പുതിയ ക്രമീകരണം എങ്ങനെയെന്ന് വ്യക്തമല്ല.