SHARE

വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകില്ലെന്ന് ഉറപ്പായി. നേരത്തെയും താരം ടീമിലുണ്ടാകില്ലെന്ന് അഭ്യൂഹങ്ങൾ ഉയർന്നെങ്കിലും ഇപ്പോളാണ് ഇക്കാര്യത്തിൽ ഏകദേശ സ്ഥിരീകരണം എത്തിയിരിക്കുന്നത്. ലോകകപ്പിന്‌ ശേഷം ധോണി 2 മാസ വിശ്രമം അനുവദിച്ച് നൽകണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയും, ബിസിസിഐ ഈ ആവശ്യം അംഗീകരിക്കുകയുമായിരുന്നു.

ധോണി വിശ്രമം ആവശ്യപ്പെട്ടതോടെ നാളെ പ്രഖ്യാപിക്കാനിരിക്കുന്ന ഇന്ത്യൻ ടീമിൽ സീനിയർ താരം ഉണ്ടാകില്ലെന്ന് ഉറപ്പായി. അതേ സമയം രണ്ട് മാസം വിശ്രമം ചോദിച്ചു വാങ്ങുന്ന‌ ധോണി ഈ സമയം ഇന്ത്യൻ സൈന്യത്തിനൊപ്പം സേവനം അനുഷ്ഠിക്കാനാണ് തയ്യാറെടുക്കുന്നത്. ഇന്ത്യൻ പട്ടാളത്തിൽ ലെഫ്റ്റനന്റ് കേണലായ ധോണി തന്റെ പാരാ മിലിട്ടറി റെജിമെന്റിനൊപ്പം ഈ വരുന്ന രണ്ട് മാസം പ്രവർത്തിക്കും. ഇതിന് കൂടി വേണ്ടിയാണ് താരം ഇപ്പോൾ വിശ്രമം ആവശ്യപ്പെട്ടത്.

അതേ സമയം നാളെയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്. മൂന്ന് വീതം ഏകദിന/ടി20 മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ വിൻഡീസിൽ കളിക്കുക.