SHARE

സ്പാനിഷ് ലാലിഗയില്‍ ഞായറാഴ്ച്ച ബാഴ്‌സലോണയും വലന്‍സിയയും തമ്മില്‍ നടന്ന മത്സരത്തില്‍ ലയണല്‍ മെസിയുടെ ഗോള്‍ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നു. പന്ത് ഗോള്‍ലൈന്‍ കടന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഗോള്‍ അനുവദിക്കാന്‍ റഫറി തയാറായില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഹോക്ക് ഐ ടെക്‌നോളജി ഉടന്‍ ഉപയോഗിച്ചു തുടങ്ങണമെന്നാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

അടുത്ത സീസണ്‍ മുതല്‍ ഈ ടെക്‌നോളജി ഉപയോഗിക്കാന്‍ ലാലിഗ അധികൃതര്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ ധൃതി പിടിച്ച് ഇത് നേരത്തെയാക്കേണ്ടെന്ന നിലപാടിലാണ് ലാലിഗ അധികൃതര്‍. അതേസമയം വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം കോപ്പ ഡെല്‍റേ മത്സരങ്ങളില്‍ പരീക്ഷിക്കുന്നുണ്ട്. അടുത്ത സീസണ്‍ മുതല്‍ ലീഗിലും ഇത് നടപ്പിലാക്കും. ഞായറാഴ്ച്ചത്തെ മത്സരത്തില്‍ പ്രധാന റഫറി ഇഗ്ലേസിയാസ് വില്യാനുവയും അസിസ്റ്റന്റ് റഫറിയും മെസിയുടെ ഷോട്ട് ഗോള്‍വര കടന്നപ്പോള്‍ കൃത്യസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് പന്ത് കടന്നോയെന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ലഭിച്ചിരുന്നില്ല.

ഗോള്‍ലൈന്‍ ടെക്‌നോളജി ഉപയോഗിക്കണം എന്ന കാര്യത്തില്‍ ഏറ്റവുമധികം ആവശ്യമുന്നയിക്കുന്നത് റയല്‍ മാഡ്രിഡാണ്. റഫറി സംവിധാനത്തില്‍ കൂടുതല്‍ ടെക്‌നോളജിയെ ആശ്രയിക്കണമെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരേസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിന് ശക്തി കൂടിയിരിക്കുകയാണ്.