SHARE

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്ന് ആരാധകർ. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയും ഇതേ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് തന്നെ ബഹിഷ്കരിക്കണമെന്ന ആവശ്യമാണ് ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയുടേത്.

അതേ സമയം കേന്ദ്ര സർക്കാരിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാകും പാകിസ്ഥാനെതിരെ കളിക്കണോ‌ വേണ്ടയോ എന്ന കാര്യത്തിൽ‌ തീരുമാനമെടുക്കൂ എന്ന് ഐപിഎൽചെയർമാൻ രാജീവ് ശുക്ല വ്യക്തമാക്കിയിട്ടുണ്ട്. ” ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാൻ ഇനിയും സമയമുണ്ട്. ഇന്ത്യ ലോകകപ്പിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കേണ്ട കാര്യമില്ല. പാകിസ്ഥാനെതിരെ ഇത്തവണ ലോകകപ്പ്‌മത്സരം കളിക്കുമോയെന്ന കാര്യത്തിലും ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല‌. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാടിനൊപ്പമായിരിക്കും ബിസിസിഐ.

ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലർത്തരുതെന്നാണ് ആഗ്രഹം. എ‌ന്നാൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന നിലപാട് പാകിസ്ഥാ‌ൻ മാറ്റുംവരെ അവരുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനരാരംഭിക്കാൻ കഴിയില്ല.” ശുക്ല പറഞ്ഞു നിർത്തി.