SHARE

ഈ മാസം ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിനപരമ്പരയ്ക്കായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുക തങ്ങളുടെ മുഖ്യ പരിശീലകനായ ജസ്റ്റിൻ ലാംഗർ ഇല്ലാതെ. ക്രിക്കറ്റിൽ നിന്ന് ചെറിയ വിശ്രമമെടുക്കാൻ ലാംഗർ തീരുമാനിച്ചതിനാലാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരാത്തത്. ലാംഗറിന്റെ അഭാവത്തിൽ ഓസ്ട്രേലിയയുടെ സീനിയർ സഹപരിശീലകൻ ആൻഡ്രു മക്ഡൊണാൾഡിനാകും ഇന്ത്യൻ പര്യടനത്തിൽ ഓസീസിന്റെ പരിശീലക ചുമതല.

പാകിസ്ഥാനെതിരെയും, ന്യൂസിലൻഡിനെതിരെ യും നടന്ന ടെസ്റ്റ് പരമ്പരകളിൽ ജസ്റ്റിൻ ലാംഗറിന്റെ പരിശീലനത്തിന് കീഴിൽ സമ്പൂർണ വിജയമായിരുന്നു ഓസ്ട്രേലിയ നേടിയത്‌. കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് തിരക്കുകളിലായതിനാൽ രണ്ടാഴ്ചത്തേക്ക് ടീമിൽ നിന്ന് വിശ്രമമെടുക്കാൻ ലാംഗർ സ്വമേധയാ തീരുമാനിക്കുകയായിരുന്നു‌. അതേ സമയം ലാംഗറിന് പകരം ഓസീസിന്റെ പരിശീലക ചുമതലയേൽകുന്ന മക്ഡോണാൾഡ് ഇതാദ്യമായാണ് ടീമിന്റെ മുഖ്യ പരിശീലകന്റെ ദൗത്യം ഏറ്റെടുക്കുന്നത്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. ജനുവരി പതിനാലിന് മുംബൈയിലാണ് ഒന്നാം മത്സരം നടക്കുക. ജനുവരി 17 ന് രാജ്കോട്ടിൽ രണ്ടാം മത്സരവും, 19 ന് ബെംഗളൂരുവിൽ മൂന്നാം ഏകദിനവും നടക്കും.