SHARE

ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് പോരാട്ടത്തോടെ പന്ത്രണ്ടാം ഏകദിന ലോകകപ്പിന് തുടക്കമാകും. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ പോരാട്ടം. ബംഗ്ലാദേശിനെതിരായ അവസാന സന്നാഹ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങുക.

ഇപ്പോളിതാ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ സഞ്ജയ് മഞ്ചരേക്കർ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ കെ എൽ രാഹുലിനെ, മഞ്ചരേക്കർ തന്റെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാഹുലിന് പകരം ഓൾ റൗണ്ടർ വിജയ് ശങ്കർ നാലാംനമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് മഞ്ചരേക്കറുടെ അഭിപ്രായം. സ്പിൻ ബോളിംഗ് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും, മഞ്ചരേക്കറുടെ ടീമിൽ ഇടമില്ല.

ശിഖാർ ധവാനും, രോഹിത് ശർമ്മയും തന്നെയാണ് മഞ്ചരേക്കർ നിർദ്ദേശിക്കുന്ന ടീമിന്റെ ഓപ്പണർമാർ. വിരാട് കോഹ്ലി മൂന്നാമതും, വിജയ് ശങ്കർ നാലാമതും ബാറ്റ് ചെയ്യും.കേദാർ ജാദവ്, എം എസ് ധോണി, ഹാർദിക് പാണ്ട്യ എന്നിവരാണ് യഥാക്രമം 5 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യുക. രണ്ട് പേസർമാരെയും രണ്ട് സ്പിന്നർമാരെയും മഞ്ചരേക്കർ തന്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുൽദീപ്‌യാദവ്, യുസ്വേന്ദ്ര ചഹൽ (സ്പിന്നർമാർ), മൊഹമ്മദ് ഷാമി, ജസ്പ്രിത് ബുംറ (ഫാസ്റ്റ് ബോളർമാർ) എന്നിവരാണ് ഈ താരങ്ങൾ.