SHARE

പുതിയ ലാലിഗ സീസണിന് കേളി കെട്ടുയരുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ പകരുന്നൊരു വാര്‍ത്ത. ഈ സീസണില്‍ ലാലിഗ ഇന്ത്യയില്‍ ടിവിയില്‍ കാണാനുള്ള സാധ്യത മങ്ങുന്നു. സോണി നെറ്റ്‌വര്‍ക്ക് ഇത്തവണ ലീഗിന്റെ സംപ്രേക്ഷണം നടത്തുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണിത്.

ലാലിഗയുടെ അവകാശം നാലുവര്‍ഷത്തേക്ക് സ്വന്തമാക്കിയ ഫേസ്ബുക്കില്‍ നിന്നും ഇന്ത്യയില്‍ ഒരു സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കും ഇതുവരെ സബ് ലൈസന്‍സിംഗ് നേടിയിട്ടില്ല.കഴിഞ്ഞ ഒരു സീസണിലേക്ക് മാത്രമാണ് സോണി പിക്ചര്‍സ് നെറ്റ്‌വര്‍ക്ക് ഫേസ്ബുക്കില്‍ നിന്നും സബ് ലൈസന്‍സിംഗ് നേടിയത്. കഴിഞ്ഞ സീസണില്‍ ലാലീഗയിലെ മുഴുവന്‍ പ്രധാന മത്സരങ്ങളും സംപ്രേഷണം ചെയ്യാന്‍ കഴിയാഞ്ഞതിനാല്‍ സോണി നെറ്റ്‌വര്‍ക്കിന് ഉദ്ദേശിച്ച ലാഭം നേടാനായില്ല.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇന്ത്യയില്‍ ലാലീഗയുടെ സംപ്രേഷണ അവകാശം സോണി നെറ്റ്‌വര്‍ക്കിന് ആയിരുന്നു. 2014-2018 കാലയളവില്‍ 32 മില്യണ്‍ യൂറോ ചിലവഴിച്ചാണ് സോണി ലാലിഗയുടെ സംപ്രേഷണം നേടിയത്. എന്നാല്‍ ഫേസ്ബുക്ക് ലൈവിലൂടെ കളികള്‍ കാണാനാകും. നെറ്റ് സ്പീഡ് കുറവായതിനാല്‍ ആരാധകര്‍ക്ക് അത്ര സുഖകരമാകില്ല ഓണ്‍ലൈന്‍ കാഴ്ച്ച.