SHARE

സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായക സ്ഥാനത്ത് നിന്ന് താൻ ഒഴിവാക്കപ്പെട്ടത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ടീമിലെ ആരും അതിന്റെ കാരണം തന്നോട് വിശദീകരിച്ചില്ലെന്നും ഡേവിഡ് വാർണർ. സൺ റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥരോടും, സപ്പോർട്ടിംഗ് സ്റ്റാഫുകളോടും തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വാർണർ, എന്നാൽ ഒരുമിച്ച് കൂടിയാലോചിച്ചതിന് ശേഷമാകണം ഒരു തീരുമാനമെടുക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.‌ കഴിഞ്ഞ ദിവസം സ്പോർട്സ് ടുഡേയോട് സംസാരിക്കവെയായിരുന്നു വാർണർ ഇക്കാര്യങ്ങൾ പറഞ്ഞത്.

“എന്നെ നിരാശപ്പെടുത്തുന്ന കാര്യമെന്തെന്നാൽ, എന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കപ്പെട്ടില്ല‌. ഒരിക്കലും ഉത്തരങ്ങൾ ലഭിക്കില്ലെന്ന് ഞാൻ കരുതുന്ന ചോദ്യങ്ങൾ ഇപ്പോളും എനിക്കുണ്ട്‌. പക്ഷേ എനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. സൺ റൈസേഴ്സിനെ പ്രതിനിധീകരിക്കുന്നതിനേക്കാൾ വലുതായി ഞാൻ മറ്റൊന്നും ഇഷ്ടപ്പെടുന്നില്ല. എന്നാൽ ആ തീരുമാനം ഉടമസ്ഥരുടേതാണ്.” വാർണർ പറഞ്ഞു.

അതേ സമയം സൺ റൈസേഴ്സ് ഹൈദരാബാദിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ഡേവിഡ് വാർണർ. 2016 ൽ ഹൈദരാബാദിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച വാർണറിനെ പക്ഷേ ടീമിന്റെ പ്രകടനം മോശമായ സാഹചര്യത്തിൽ പതിനാലാം എഡിഷൻ ഐപിഎല്ലിനിടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. സീസണിൽ ബാറ്റിംഗിലും മോശം ഫോമിലായിരുന്ന വാർണർക്ക് 8 മത്സരങ്ങളിൽ നിന്ന് 195 റൺസ് മാത്രമാണ് ഇക്കുറി നേടാനായത്.