SHARE

ഈ വർഷത്തെ ഏഷ്യാകപ്പിന്റെ മത്സരക്രമം പുറത്ത് വന്നത് മുതൽ അതിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ള നിരവധി പേർ രംഗത്ത് വന്നിരുന്നു. ടൂർണമെന്റിൽ അടുത്തടുത്ത ദിവസങ്ങളിൽ ഇന്ത്യയുടെ മത്സരം ഷെഡ്യൂൾ ചെയ്തതായിരുന്നു വിവാദങ്ങൾക്ക് കാരണം. ഇതിനെതിരെ ബിസിസിഐ രംഗത്ത് വരികയും. മത്സരക്രമത്തിൽ മാറ്റം വരുത്തണമെന്ന് ടൂർണമെന്റ് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോളിതാ ഈ സംഭവത്തിൽ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരവും പ്രശസ്ത ക്രിക്കറ്റ് കമന്റേറ്ററുമായ ഡീൻ ജോൺസ്.

ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഇന്ത്യയും എ ഗ്രൂപ്പിലാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. യോഗ്യത കളിച്ചെത്തുന്ന ഒരു ടീമും ഈ ഗ്രൂപ്പില്‍ തന്നെ ആയിരിക്കും. സപ്തംബര്‍ 15ന് നടക്കുന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്. 16ന് പാകിസ്ഥാന്‍ യോഗ്യത നേടുന്ന ടീമിനെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം 18ന് യോഗ്യത നേടുന്ന ടീമിനെതിരെയാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ പാകിസ്ഥാനെയും നേരിടണം. ഇതാണ് വിമര്‍ശനത്തിന് കാരണമായ സംഭവം.

-Advertisement-

ഇതേക്കുറിച്ച് സംസാരിക്കവേ, ഏഷ്യാകപ്പിലെ മത്സരക്രമങ്ങളിൽ യാതൊരു പ്രശ്നമില്ലെന്നും തുടർച്ചയായി രണ്ട് ദിവസങ്ങൾ കളിച്ചെന്ന് കരുതി ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പറഞ്ഞ ജോൺസ്, ഇങ്ങനെ കൂട്ടിച്ചേർത്തു, ” എന്താണ് 2 മത്സരങ്ങൾ തുടർച്ചയായി കളിക്കുന്നതിന് പ്രശ്നം? പണ്ട് ഞങ്ങളുടെ നല്ല സമയം, തുടർച്ചയായി പതിനൊന്ന് ദിവസങ്ങൾ വരെ കളിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഈ മത്സരക്രമത്തെ എതിർക്കുന്നവർ അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരം കളിക്കുന്നവരല്ലേ. താരങ്ങൾക്കെല്ലാം നല്ല ഫിറ്റ്നസുണ്ട്, അവർ നല്ല അത്ലറ്റുകളാണ്, അത് കൊണ്ടു തന്നെ തുടർച്ചയായി കളിച്ചെന്ന് കരുതി ആരും മരിച്ചൊന്നും പോകില്ല”. ഡീൻ ജോൺസ് പറഞ്ഞുനിർത്തി‌.