SHARE

കഴിഞ്ഞ സീസൺ ഐലീഗിൽ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് തരംതാഴ്ത്തപ്പെടലിലേക്ക് വീണെങ്കിലും ഈ സീസണിൽ അവർക്ക് രണ്ടാം ഡിവിഷനിൽ കളിക്കേണ്ട. തരംതാഴ്ത്തലിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബിന്റെ അഭ്യർത്ഥനയിൽ എ ഐ എഫ് എഫ് അനുകൂല നിലപാട് എടുത്തതിനെത്തുടർന്നാണിത്‌‌. ഇതിനാൽ ഈ വർഷത്തെ ഐലീഗിലും ചർച്ചിലിന് കളിക്കാൻ കഴിയും. നേരത്തെ ഐസ്വാൾ എഫ്.സി യേയും ഒരു സീസണിൽ എ ഐ എഫ് എഫ് തരംതാഴ്ത്തലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ സീസണിൽ റഫറിയിംഗ് ഉൾപ്പെടെ പല കാര്യങ്ങളും തങ്ങൾക്കെതിരായിരുന്നുവെന്നും, നിലവിൽ ഗോവയെ പ്രതിനിധീകരിച്ച് ഐലീഗിലുള്ള ഏക ക്ലബ്ബ് തങ്ങളായതിനാൽ ഞങ്ങളെ ഒന്നാം ഡിവിഷൻ ലീഗിൽ നിന്ന് തരം താഴ്ത്തുന്നത് സംസ്ഥാനത്തെ ഫുട്ബോൾ വളർച്ചയെത്തന്നെ മോശമായി ബാധിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മുൻപ് ചർച്ചിൽ ബ്രദേഴ്സ്, അധികൃതർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കത്തയച്ചത്. ചർച്ചിലിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കൊണ്ട് എ ഐ എഫ് എഫും അനുകൂല നിലപാട് സ്വീകരിച്ചതോടെ അവർക്ക് ഐലീഗിൽ തുടരാൻ കഴിയുമെന്ന് ഉറപ്പാവുകയായിരുന്നു.

അതേ സമയം ചർച്ചിലും കൂടി എത്തുന്നതോടെ ഈ സീസണിലെ ഐലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം പതിനൊന്നാകും. കഴിഞ്ഞ സീസണിൽ കളിച്ച ടീമുകൾക്ക് പുറമേ സ്ഥാനക്കയറ്റംലഭിച്ചെത്തിയ റിയൽ കാശ്മീർ എഫ് സിയും ഇത്തവണ ഐ ലീഗിൽ കളിക്കും. ടൂർണമെന്റിന്റെ മത്സരക്രമം പുറത്ത് വന്നിട്ടില്ലെങ്കിലും ഒക്ടോബർ അവസാനത്തോടെ മത്സരങ്ങൾ ആരംഭിക്കുമെന്നാണ്‌ സൂചന.