SHARE

പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കളിക്കുക അവരുടെ ഇംഗ്ലീഷ് സൂപ്പർ താരമായ സാം കറനില്ലാതെ. ഇംഗ്ലണ്ടിൽ നിന്ന് യു എ ഇയിലെക്കെത്തുന്ന താരത്തിന്റെ ക്വാറന്റൈൻ കാലാവധി ഐപിഎല്ലിലെ ആദ്യ മത്സരമാകുമ്പോളേക്ക് പൂർത്തിയാകില്ലെന്നതാണ് ഇതിന് കാരണം. ഈ മാസം 19 ന് മുംബൈ ഇന്ത്യൻസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ചെന്നൈക്ക് വലിയ തലവേദന സമ്മാനിക്കുന്ന വാർത്തയാണിത്.

അതേ‌ സമയം കറൻ മുംബൈക്കെതിരെ കളിക്കില്ലെന്ന ആശങ്കയ്ക്കിടയിലും ചെന്നൈ സൂപ്പർ കിംഗ്സിന് വലിയ ആശ്വാസം സമ്മാനിക്കുന്നതാണ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ ഫാഫ് ഡുപ്ലെസിസിന്റെ ഏറ്റവും പുതിയ ഫിറ്റ്നസ് അപ്ഡേറ്റ്. പരിക്കിനെത്തുടർന്ന് കരീബിയൻ പ്രീമിയർ ലീഗിലെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമായ ഫാഫ് ഡുപ്ലെസിസ് തന്റെ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞെന്നാണ് പുറത്ത് വരുന്ന വിവരം. കരീബിയൻ പ്രീമിയർ ലീഗിൽ ഉജ്ജ്വല ഫോമിലായിരുന്ന ഡുപ്ലെസിസിന്റെ സാന്നിധ്യം ഐപിഎല്ലിന്റെ രണ്ടാം പാദത്തിൽ ചെന്നൈക്ക് സമ്മാനിക്കുന്ന ഊർജ്ജം ചെറുതായിരിക്കില്ല.