SHARE

ഫിറ്റ്നസിന് ക്രിക്കറ്റിൽ കൂടുതൽ പ്രധാന്യം കൈവന്നതോടെ മിക്ക ടീമുകളും താരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാൻ യോ-യോ ടെസ്റ്റുകൾ നിർബന്ധമാക്കി. ഇന്ത്യയടക്കം പല ദേശീയ ടീമുകളിലും സെലക്ഷൻ ലഭിക്കുന്നതിന് യോ-യോ ടെസ്റ്റിൽ പാസാകേണ്ടത് ഇപ്പോൾ അനിവാര്യമാണ്. യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവർക്ക് ഇന്ത്യൻ ടീമിലവസരം ലഭിക്കാതിരുന്നതും കുറച്ച് നാളുകൾക്ക് മുൻപ് ഏറെ വാർത്തയായിരുന്നു.

അതേ സമയം ഐപിഎല്ലിലെ ഡാഡി ആർമി എന്ന് വിശേഷിക്കപ്പെടുന്ന ചെന്നൈ‌ സൂപ്പർ കിംഗ്സിൽ താരങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാ‌ൻ യോ-യോ ടെസ്റ്റ് ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടീം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് മറ്റ് പല രീതികളുമുണ്ടെന്നും യോ-യോ ടെസ്റ്റ് തന്നെ അതിന് വേണമെന്നില്ലെന്നും ഫ്ലെമിംഗ് പറയുന്നു. നേരത്തെ യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ട ചരിത്രമുള്ള സുരേഷ് റെയ്നയടക്കമുള്ള ചെന്നൈ താരങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണിത്.