SHARE

കഴിഞ്ഞ ദിവസങ്ങളിൽ കേരളബ്ലാസ്റ്റേഴ്സ് വിട്ട് എ.ടി.കെ മോഹൻ ബ​ഗാനിലേക്ക് പോയ യുവതാരം നോങ്ഡമ്പ നവോറെമിന് പരുക്കേറ്റതായി റിപ്പോർട്ടുകൾ. ലി​ഗമെന്റിന് പരുക്കേറ്റ നവോറെമിന് ദീർഘനാൾ പുറത്തിരിക്കേണ്ടിവരുമെന്നാണ് വാർത്ത. ഐ.എഫ്.ടി.ഡബ്ല്യു.സിയടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ വെബ്സൈറ്റുകളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സ്വാപ് ഡീലിലൂടെ വിങ്ങറായ നവോറെമിനെ എ.ടി.കെ, കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്ന് റാഞ്ചിയത്. പിന്നാലെ പരിശീലനത്തിനിടെ നവോറെമിന് പരുക്കേറ്റന്നാണ് വാർത്തകൾ. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പരുക്കേറ്റ് പുറത്തായ മൈക്കിൾ സൂസൈരാജിന് പകരക്കാരനെന്ന നിലയിലാണ് നവോറെമിനെ എ.ടി.കെ സ്വന്തമാക്കിയത്. എന്നാലിപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകരം നവോറെം മാസങ്ങളോളം പുറത്തിരിക്കേണ്ടിവന്നേക്കും.

കഴിഞ്ഞ സീസണിൽ, ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ മോഹൻ ബ​ഗാന് വേണ്ടിയാണ് നവോറെം കളിച്ചത്. ടീമിന്റെ ഐ-ലീ​ഗ് കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച നവോറെം ഇക്കുറി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുകയായിരുന്നു. മുൻ പരിശീലകൻ കൂടിയായ കിബു വിക്കുനയുടെ കീഴിൽ ആദ്യ മത്സരങ്ങളിലൊക്കെ അവസരം ലഭിച്ച നവോറെമിന് പിന്നീട് സ്ഥാനം പകരക്കാരുടെ ബെഞ്ചിലായിരുന്നു.