SHARE

വെള്ളിയാഴ്ച്ച ഗുവഹാത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ നിര്‍ണായക മത്സരത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. പോയിന്റ് പട്ടികയില്‍ പിന്നിലുള്ള ടീമിന് ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണായകമാണ്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തുന്ന വടക്കുകിഴക്കന്മാര്‍ക്കെതിരേ ജയം തന്നെയാണ് മഞ്ഞപ്പടയുടെ ലക്ഷ്യം.

ശക്തരാണെങ്കിലും നോര്‍ത്ത് ഈസ്റ്റ് തോല്പിക്കാന്‍ പറ്റാത്ത ടീമൊന്നുമല്ല. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കരുതലോടെ തന്നെയാണ് നേരിടുന്നതെന്ന് നോര്‍ത്ത്ഈസ്റ്റ് കോച്ച എല്‍ക്കോ സ്‌കാട്ടൂരി പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് അപ്രവചനീയമായ ടീമാണ്. എപ്പോള്‍ എങ്ങനെ കളിക്കുമെന്ന് പറയാനാകില്ല. ഏതുനിമിഷം വേണമെങ്കിലും ശക്തമായി തിരിച്ചടിക്കാന്‍ ശേഷിയുള്ള ടീമാണത്. ഞങ്ങള്‍ കരുതലോടെ തന്നെയാകും ഇറങ്ങുക- കോച്ച് പറയുന്നു.

കഴിഞ്ഞ കളിയില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച മിസ്ലാവ് കൊമോറോസ്‌കി കളിക്കാനിറങ്ങുമെന്നത് ആതിഥേയര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. നോര്‍ത്ത് ഈസ്റ്റിലെ കാലാവസ്ഥയാണ് ബ്ലാസ്‌റ്റേഴ്‌സിന് തലവേദന സൃഷ്ടിക്കുന്നത്. കടുത്ത തണുപ്പില്‍ കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കും. ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏഴു പോയിന്റുമായി ഏഴാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും.