SHARE

ഐ.എസ്.എല്ലിൽ വിരോധികളില്ലാത്ത ക്ലബുകളിലൊന്നാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒരുപക്ഷെ ഐ.എസ്.എല്ലിൽ തന്നെ ഏറ്റവുമധികം പ്രതിഭാധനരായ യുവതാരങ്ങൾ ഒരിക്കലെങ്കിലും കളിച്ച ക്ലബാണ് നോർത്ത് ഈസ്റ്റ്. അവറാം ​ഗ്രാന്റിനെ പോലെ വിഖ്യാതനായ പരിശീലകൻ ഏറ്റെടുത്തിട്ടുപോലും ലീ​ഗിന്റെ അഞ്ചാം സീസൺ വരെ കാത്തിരിക്കേണ്ടിവന്നു നോർത്ത് ഈസ്റ്റിന് ആദ്യമായി പ്ലേഓഫ് കാണാൻ

കഴിഞ്ഞ സീസണിലാണ് ഐ.എസ്.എല്ലിൽ ടീമുകളുടെ എണ്ണം പത്താക്കി ഉയർത്തിയത്. അതിന് മുമ്പുള്ള മൂന്ന് സീസണുകളിലും കഴിഞ്ഞ സീസണിലും കളിച്ചിട്ടും ടോപ് ഫോറിൽ പ്രവേശിക്കാൻ വടക്കുകിഴക്കൻ ടീമിന് സാധിച്ചിരുന്നില്ല. 2014-ൽ ആദ്യ സീസൺ കഴിഞ്ഞപ്പോൾ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനക്കാരിയിരുന്നു നോർത്ത് ഈസ്റ്റ്. തുടർന്ന് നടന്ന രണ്ട് സീസുകളിലും പടിവാതിൽക്കൽ അവർ പ്ലേഓഫ് സാധ്യത തട്ടിക്കളഞ്ഞു. രണ്ട് തവണയും പോയിന്റ് പട്ടികയിൽ അഞ്ചാമത്.

കഴിഞ്ഞ സീസണിലാകട്ടെ ​​ദയനീയ പ്രകടനം നടത്തിയ നോർത്ത് ഈസ്റ്റ് ഒരിക്കൽ കൂടി പോയിന്റ് പട്ടികയിൽ ഏറ്റവും അവസാനക്കാരായി. എന്നാൽ ഇക്കുറി ചാരത്തിൽ നിന്നുയർന്നുവന്ന ഫിനിക്സ് പക്ഷിയെപ്പോലയാണ് നോർത്ത് ഈസ്റ്റ്. ലീ​ഗിൽ ഇതുവരെ 17 മത്സരങ്ങൾ പൂർത്തിയായപ്പോൾ ഏഴ് വിജയവും ഏഴ് സമനിലയും മൂന്ന് തോൽവിയും മാത്രമായി 28 പോയിന്റോടെ നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് യോ​ഗ്യത ഉറപ്പാക്കി

നൈജീരിയൻ ​ഗോൾവേട്ടക്കാരൻ ബെർത്തലോമ്യു ഒ​ഗ്ബച്ചെയുടെ മിന്നുന്ന ഫോമാണ് ഇക്കുറി നോർത്ത് ഈസ്റ്റിന് ​ഗുണമായ ഘടകങ്ങളിൽ ഒന്ന്. പതിനാറ് മത്സരങ്ങളിൽ നിന്ന് 12 ​ഗോളുകളാണ് ഒ​ഗ്ബച്ചെ ഇതുവരെ നേടിയത്. പരിശീലകൻ എൽഷോ ഷെറ്റോരിയുടെ തന്ത്രങ്ങളും ടീമിന് പുതിയ ഉണർവേകിയിട്ടുണ്ട്