SHARE

സ്പാനിഷ് പരിശീലകനായ ജെറാർഡ് നസിനെ തങ്ങളുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി ഐ എസ് എൽ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്നലെ ബെംഗളൂരു എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ ടീം 1-1 ന് സമനില വഴങ്ങി മണിക്കൂറുകൾക്ക് മാത്രം ശേഷമാണ് നസിനെ പരിശീലന സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമെത്തിയത്. വെറും 11 മത്സരങ്ങളിൽ മാത്രം ക്ലബ്ബിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ഇപ്പോൾ നസ് പുറത്തേക്ക് പോകുന്നത്. നസിന് പകരക്കാരനായി ഖാലിദ് ജമീൽ ടീമിന്റെ താൽക്കാലിക പരിശീലകനാകുമെന്ന് ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

ഏഴാം സീസൺ ഐ എസ് എല്ലിന് മുൻപായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായി നിയമിതനായ നസിന് കീഴിൽ മികച്ച തുടക്കമായിരുന്നു ഇക്കുറി നോർത്ത് ഈസ്റ്റിന്റേത്. സീസണിലെ ആദ്യ 5 മത്സരങ്ങളിൽ അജയ്യരായ അവർ മുംബൈ സിറ്റി എഫ് സി യേയും, ഈസ്റ്റ് ബെംഗാളിനേയും പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ആദ്യ അഞ്ച് മത്സരങ്ങൾക്ക് ശേഷം ടീമിന്റെ പ്രകടനം മോശമായി. പിന്നീടുള്ള 7 മത്സരങ്ങളിൽ ഒരു വിജയം പോലും നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല‌. ഇതാണ് ജെറാർഡ് നസിന്റെ പരിശീലക സ്ഥാനം തെറിക്കാൻ കാരണം.

അതേ സമയം നസിന് പകരം നോർത്ത് ഈസ്റ്റിന്റെ താൽക്കാലിക പരിശീലകനായെത്തുന്ന ഖാലിദ് ജമീൽ, ഈ സീസണിന്റെ തുടക്കത്തിൽ നസിനൊപ്പം, ടീമിന്റെ സഹ പരിശീലകനായി സേവനം അനുഷ്ഠിച്ചിരുന്നു. 2019-20 സീസണിലെ അവസാന മൂന്ന് മത്സരങ്ങളിലും ഖാലിദ് ജമീൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായെത്തിയിരുന്നു. റോബർട്ട് ജാർനിയെ പരിശീലക സ്ഥാനത്ത് നിന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുറത്താക്കിയതിനാലായിരുന്നു ഇത്.