SHARE

മുൻ കേരളാ‌ബ്ലാസ്റ്റേഴ്സ് താരവും കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ മുംബൈ സിറ്റിയുടെ കളികാരനുമായിരുന്ന മിലൻ സിംഗിനെ ടീമിലെത്തിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. കഴിഞ്ഞ ദിവസം വീഡിയോയിലൂടെയാണ് മിലൻ സിംഗിനെ ടീമിലെത്തിച്ച വിവരം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുറത്ത് വിട്ടത്. ഐ എസ് എല്ലിന്റെ ആദ്യ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി കളിച്ചിരുന്ന മിലന്റെ മുൻ ടീമിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണിത്.

2017-18 സീസൺ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന മിലൻ സിംഗ്, കഴിഞ്ഞ സീസണിന് മുൻപാണ് മുംബൈ സിറ്റി എഫ് സിയിലെത്തിയത്. സീസണിൽ മുംബൈക്കായി ഗോളുകളൊന്നും നേടാനായില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. പരിശീലകൻ ജോർജ്ജ് കോസ്റ്റയുടെ വിശ്വസ്ത താരം കൂടിയായിരുന്ന മിലൻ, 15 മത്സരങ്ങളിൽ ഐസ്ലാൻഡേഴ്സിനായി കളിച്ചു. ഇന്ത്യൻ അണ്ടർ 23 ടീമിന് വേണ്ടി 6 മത്സരങ്ങൾ കളിച്ചിട്ടുള്ള മിലൻ, 2017 ൽ കമ്പോഡിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കളിച്ച് സീനിയർ ടീമിലും അരങ്ങേറി.