SHARE

ഐഎസ്എല്ലിന്റെ രണ്ടാംഘട്ടത്തില്‍ ഡെല്‍ഹി ഡൈനാമോസിന്റെ തകര്‍പ്പന്‍ പ്രകടനം തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ 1-1ന് സമനിലയില്‍ തളച്ചാണ് വമ്പന്മാരുടെ വഴിതടയല്‍ ഡെല്‍ഹി കൃത്യമായി നടപ്പാക്കുന്നത്. മാര്‍ക്കോസ് ടെബറിലൂടെ (67) ഡെല്‍ഹി ആദ്യം മുന്നിലെത്തി. മൂന്നു മിനിറ്റിനുശേഷം സൂപ്പര്‍താരം ബെര്‍ത്തലോമിയോ ഒബ്‌ഗെച്ചേയുടെ (70) പെനാല്‍റ്റിയില്‍ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.

കളിമികവിലും ആക്രമണത്തിലും വടക്കുകിഴക്കര്‍ക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ പലതും കളഞ്ഞുകുളിച്ച ടീം ജയം തന്നെയാണ് കൈവിട്ടത്. ആറുതവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. പന്തടക്കത്തിലും ഡെല്‍ഹിയെക്കാള്‍ ആധിപത്യം അവര്‍ക്കായിരുന്നു.

സമനില നോര്‍ത്ത് ഈസ്റ്റിന് പ്ലേഓഫിലേക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച്, ജെംഷഡ്പൂര്‍ എഫ്‌സിയും എടികെയും തൊട്ടുപിന്നിലുള്ളപ്പോള്‍. വടക്കുകിഴക്കര്‍ക്ക് 15 കളിയില്‍ നിന്ന് 24 പോയിന്റാണ് സമ്പാദ്യം. ജെംഷഡ്പൂരും എടികെയും ഒരുകളി കുറച്ചു കളിച്ച് 20 പോയിന്റുമായി പിന്നാലെയും. ബെംഗളൂരു എഫ്‌സി ഏകദേശം പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്.