SHARE

ഈ ഐഎസ്എല്‍ സീസണിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാണെന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരിക്കല്‍ക്കൂടി തെളിയിച്ചു. അവസാന പത്തുമിനിറ്റ് വരെ ഗോള്‍രഹിതമായി നിന്ന മത്സരത്തില്‍ 2-0ത്തിനാണ് ഡെല്‍ഹി ഡൈനാമോസിനെയാണ് തോല്പിച്ചത്. ഫെഡേറിക്കോ ഗല്ലേഗോ (82), ഒബേച്ചേ (93) എന്നിവരാണ് വലകുലുക്കിയത്.

ജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ജോണ്‍ എബ്രഹാമിന്റെ ടീം. 5 കളിയില്‍ നിന്ന് 11 പോയിന്റ്. ഗോവ 10 പോയിന്റുമായി രണ്ടാമതും. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിട്ട ഡെല്‍ഹിക്ക് നിരവധി തവണ മികച്ച അവസരങ്ങള്‍ ലഭിച്ചു. മറുവശത്ത് വടക്കുകിഴക്കരും മോശമാക്കിയില്ല. ഇത്തവണത്തെ കറുത്ത കുതിരകള്‍ തങ്ങളുടെ പേരിന് യോജിക്കുംവിധം തന്നെ കളിച്ചു. എന്നാല്‍ ഫിനിഷിംഗിലെ പിഴവുകളാണ് അവര്‍ക്ക് വിനയായത്.

രണ്ടാംപകുതിയിലും ഇരുകൂട്ടരും ഗോളിനായി ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും ആര്‍ക്കും വലകുലുക്കാനായില്ല. സമനില ഉറപ്പിച്ച നിമഷത്തിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ വരുന്നത്. ഉറുഗ്വെ താരം ഫെഡേറിക്കോ ഗല്ലേഗോയാണ് വലകുലുക്കിയത്. അവസാന നിമിഷത്തെ ഗോളില്‍ ഡെല്‍ഹി ഉലഞ്ഞു. മറ്റൊരു സമനിലയോടെ കളംവിടാമെന്ന അവരുടെ മോഹങ്ങള്‍ പൊലിച്ച് ഒബേച്ചേ അധികസമയത്ത് രണ്ടാം ഗോളും നേടി.