SHARE

അണ്ടർ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് സ്ഥാനമൊഴിഞ്ഞു. അണ്ടര്‍ 17 താരങ്ങളടങ്ങിയ എ ഐ എഫ് എഫ് ഡവലെപ്‌മെന്റല്‍ ടീം ഇന്ത്യന്‍ ആരോസ് ടീമിന്റെയും പരിശീലകനായിരുന്നു നോര്‍ട്ടണ്‍. ഈ സ്ഥാനങ്ങളിൽ നിന്നെല്ലാം നോർട്ടൺ രാജി വെച്ചൊഴിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നാണ് നോർട്ടൺ വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഴ്ച്ചകളില്‍ ഇതുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇതിനെല്ലാം വിരാമം ആയിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കിയ അവസരങ്ങള്‍ക്ക് നന്ദി പറഞ്ഞു നോര്‍ട്ടണ്‍ രംഗത്ത് വന്നു. നോര്‍ട്ടണ്‍ നല്‍കിയ പിന്തുണക്കും സംഭാവനക്കും നന്ദി രേഖപ്പെടുത്തി എ ഐ എഫ് എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസും രംഗത്തെത്തി.

ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി ഐ ലീഗില്‍ എ ഐ എഫ് എഫ് കളിപ്പിക്കുന്ന ടീമാണ് ഇന്ത്യന്‍ ആരോസ്. ലീഗില്‍ അവസാന സ്ഥാനത്തായിരുന്നുവെങ്കിലും കഴിഞ്ഞ സീസണില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ നടത്താന്‍ ആരോസിന് കഴിഞ്ഞിരുന്നു. അടുത്ത സീസണ് മുമ്പായി പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാവും ഇനി എ ഐ എഫ് എഫ്.