ലക്ഷ്യത്തിലേക്കുതിർക്കുന്ന ആദ്യ ഷോട്ട് (ഷോട്ട് ഓൺ ടാർജറ്റ്) തന്നെ ഗോളാക്കുക എന്നത് ഫുട്ബോളിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഫിൻലൻഡ് സ്ട്രൈക്കർ ടീമു പുക്കിക്ക് ഇത് നിസാര കാര്യമാണ്. കാരാണം തുടർച്ചയായി എട്ടാം സീസണിലാണ് ആദ്യ ഷോട്ട് ഓൺ ടാർജറ്റ് തന്നെ പുക്കി ഗോളാക്കുന്നത്
ഇക്കുറി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നോർവിച്ചിനായി ഗോൾ നേടിയതോടെയാണ് പുക്കി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിന്റെ 64-ാം മിനിറ്റിലായിരുന്നു പുക്കിയുടെ ഗോൾ. ആദ്യമായാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുക്കി ഗോൾ നേടുന്നത്. കഴിഞ്ഞ സീസണിൽ നോർവിച്ചിനായി രണ്ടാം ഡിവിഷനിലായിരുന്നു പുക്കി കളിച്ചത്. അവിടേയും ലക്ഷ്യത്തിലേക്കുള്ള ആദ്യ ഷോട്ട് തന്നെ പുക്കി ഗോളാക്കി.
2012-13 സീസണിൽ ജർമൻ ക്ലബ് ഷാൽക്കെയ്ക്കായി കളിക്കുമ്പോഴാണ് ഈ നേട്ടം പുക്കി ആദ്യം സ്വന്തമാക്കുന്നത്. തൊട്ടടുത്ത സീസണിലും ഷാൽക്കെയ്ക്കായി ഈ നേട്ടം പുക്കി ആവർത്തിച്ചു. 2014-15 സീസണിൽ സ്കോട്ടിഷ് ക്ലബ് കെൽറ്റിക്കിനായും തുടർന്ന് മൂന്ന് സീസൺ ഡെന്മാർക്ക് ക്ലബ് ബ്രോൺബിക്കായും ഈ നേട്ടം പുക്കി തുടർന്നു