SHARE

 

 

യൂറോപ്യന്‍ ഫുട്‌ബോളില്‍ വമ്പന്‍ താരക്കൈമാറ്റങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ അങ്ങ് നോര്‍വീജിയയിലാണ് വളരെ ചെറുതെങ്കിലും ഏറെ ചര്‍ച്ചയായ താരക്കൈമാറ്റം നടന്നിരിക്കുന്നത്. ലെയണല്‍ മെസ്സി എന്ന 16 കാരനായ കളിക്കാരനെയാണ് ക്ലബ്ബ് സ്വന്തമാക്കിയിരിക്കുന്നത്. ഡാനിയേല്‍ ആര്‍ നട്ട്‌സണ്‍ എന്ന പേരുമാറ്റിയാണ് ഇദ്ദേഹം തന്റെ ഇഷ്ട താരത്തിന്റെ പേരു സ്വീകരിച്ചത്. വെറുതെ പേരു മാറുകയല്ല ചെയ്തത് നിയമപരമായി എല്ലാ രേഖകളിലും ലെയണല്‍ മെസ്സി എന്നു മാറ്റുകയും ചെയ്തു.

നോര്‍വീജിയയിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ ജന്‍കെറന്‍ ആണ് ഈ കൊച്ചു മെസ്സിയെ സ്വന്തമാക്കിയത്. പേരുമാത്രമല്ല തന്റെ ഇഷ്ട താരം സാക്ഷാല്‍ മെസ്സിയുടെ കളി ശൈലി അനുകരിച്ച് അദ്ദേഹത്തെപ്പോലൊരു കളിക്കാരനാകാനുള്ള ശ്രമത്തിലാണ് ഈ താരം.

മെസ്സി എന്നു പേരുള്ള താരത്തെ സ്വന്തമാക്കാനായതില്‍ ക്ലബ്ബും സന്തോഷത്തിലാണ്. റൊണാള്‍ഡോ എന്നു പേരുള്ള ഒരു താരം കൂടി മാര്‍ക്കറ്റിലുണ്ടെന്നും പേരിനൊപ്പം കളിമികവും കൂടിയുണ്ടെങ്കില്‍ അദ്ദേഹത്തെയും ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ടീം മാനേജര്‍ റണര്‍ ബോ എറിക്‌സണ്‍ പറഞ്ഞു.