SHARE

താളം കണ്ടെത്താത്ത ആദ്യപകുതി, നിറഞ്ഞുകളിച്ച കൊല്‍ക്കത്ത, ബ്ലാസ്റ്റേഴ്‌സിന്റെ ബാറിനു കീഴില്‍ താനൊരു നിധിയാണെന്നു തെളിയിച്ച പോള്‍ റച്ചുബ്ക. ഇനിയുമേറെ മെച്ചപ്പെടേണ്ട മുന്നേറ്റം. പഴുതടയ്ക്കാന്‍ ഏറെയുള്ള പ്രതിരോധം. കേരള ബ്ലാസ്‌റ്റേഴ്‌സ്- കൊല്‍ക്കത്ത ഉദ്ഘാടന മത്സരത്തെ ഇങ്ങനെ വിലയിരുത്താം. പ്രതീക്ഷയോടെ ഗാലറിയിലെത്തിയ പതിനായിരങ്ങളെ നിരാശപ്പെടുത്തിയെങ്കിലും അത്രയ്ക്കു മോശമാക്കിയില്ല ഈ മഞ്ഞപ്പട. ഗോള്‍രഹിത സമനിലയോടെ വിലപ്പെട്ട ഒരു പോയിന്റ് ഇരുടീമുകളും കീശയിലാക്കി.

നിറംമങ്ങിയ ആദ്യപകുതി

-Advertisement-

കൊച്ചിയുടെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കിടെ പന്തുതട്ടാനിറങ്ങിയ മഞ്ഞപ്പട ആദ്യ പകുതി തീര്‍ത്തും നിരാശപ്പെടുത്തി. ഇയാന്‍ ഹ്യൂമും മിലന്‍സിംഗും വിയര്‍ത്തു കളിച്ചതൊഴിച്ചാൽ മറ്റുള്ളവർക്ക് മികവിലെത്താനായില്ല. പ്രത്യേകിച്ച് ദിമിതര്‍ ബെര്‍ബറ്റോവ്. കൊല്‍ക്കത്ത പകുതിയില്‍ പന്തു കിട്ടാതെ അലക്ഷ്യമായി നടക്കുന്ന ബെർബറ്റോവിനെയാണ് ആദ്യ 45 മിനിറ്റില്‍ കണ്ടത്. മറുവശത്ത് കൊല്‍ക്കത്ത കൂടുതല്‍ ആക്രമണോത്സുകത കാണിച്ചു. കേരള ഗോളിയെ പലതവണ പരീക്ഷിക്കാനും അവര്‍ക്കായി. ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍സ് പലപ്പോഴും പതറുന്നതാണ് കണ്ടത്. പ്രത്യേകിച്ച് കൊല്‍ക്കത്തയുടെ വേഗമേറിയ മുന്നേറ്റങ്ങളില്‍.

സന്ദേശ് ജിംഗനെ പലപ്പോഴും ക്യാപ്റ്റന്‍സിയുടെ അമിതഭാരം അലോസരപ്പെടുത്തുന്നതു പോലെ തോന്നി. കീഗന്‍ പെരേരയുടെ ഒറ്റയാള്‍ മുന്നേറ്റങ്ങള്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി. രണ്ടാംപകുതിയുടെ തുടക്കത്തിലെ സി.കെ. വിനീതിന്റെ ഇടംകാലന്‍ ബുള്ളറ്റ് ഷോട്ട് ഗോളി ദേവ്ജിത്ത് മജൂംദാര്‍ തട്ടിയകറ്റിയത് വളരെ കഷ്ടപ്പെട്ട്. മഞ്ഞയില്‍ കുളിച്ചാടിയ ഗാലറിയുടെ ആവേശം അത്യുന്നതിയിലെത്തിച്ച നിമിഷം. 70-ാം മിനിറ്റില്‍ സീക്വൂഹയുടെ ലോംഗ് റേഞ്ചര്‍ ഗോളാകതെ രക്ഷപ്പെടതിന് ഗോള്‍ പോസ്റ്റിനോട് നന്ദി പറയാം.

നന്ദി റച്ചുബ്ക

ബ്ലാസ്‌റ്റേഴ്‌സിന്റെ ടീം തെരഞ്ഞെടുപ്പില്‍ ഏറ്റവും പഴികേട്ട താരങ്ങളിലൊരാള്‍ പോള്‍ റച്ചുബ്കയെന്ന ഗോളിയുടേതായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ഗോളെന്നുറപ്പിച്ച ഒന്നിലേറെ ഷോട്ടുകള്‍ തടുത്ത് റച്ചുബ്ക താരമായി. പ്രതിരോധം ആടിയുലഞ്ഞപ്പോള്‍ രക്ഷകനായത് റച്ചുബ്കയുടെ അനുഭവസമ്പത്തായിരുന്നു. 58-ാം മിനിറ്റില്‍ ജോര്‍ഡി ഫിഗ്വേറസിന്റെ മിന്നല്‍ ഷോട്ട് തടുത്തതു മാത്രം മതിയായിരുന്നു ആ പ്രതിഭയെ അളക്കാന്‍.

നിഴലായ് ബെര്‍ബറ്റോവ്, നിരാശപ്പെടുത്തി റിനോ

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ദിമിതര്‍ ബെര്‍ബറ്റോവിന് ഇന്ത്യയിലെ ആദ്യ മത്സരം കയ്‌പ്പേറിയതായി. പലപ്പോഴും പാസ് കിട്ടാതെ ഉഴറിയ ബെര്‍ബോ കാഴ്ച്ചക്കാരന്റെ റോളിലേക്ക് ഒതുങ്ങിപ്പോയി. ടീം സെറ്റായില്ലെന്നതിന്റെ ഒന്നാന്തരം തെളിവായിരുന്നു ബൾഗേറിയൻ താരം അനുഭവിച്ച ഏകാന്തത. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മറ്റൊരു താരം റിനോ ആന്റോയാണ്. പഴയ റിനോയുടെ നിഴല്‍ മാത്രമാണ് നെഹ്‌റു സ്‌റ്റേഡിയത്തില്‍ കണ്ടത്. പ്രതിരോധത്തിലെ വിടവ് അടയ്ക്കാന്‍ ഈ തൃശൂരുകാരന്‍ പലപ്പോഴും ബുദ്ധിമുട്ടി.