SHARE

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ നിലവിലെ ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെടുക ആർക്കായിരിക്കുമെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ ചർച്ച തുടങ്ങിക്കഴിഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിലും നിരാശപ്പെടുത്തിയ മയങ്ക് അഗർവാളിനായിരിക്കും രോഹിത് എത്തുന്നതോടെ ടീമിൽ നിന്ന് പുറത്തേക്ക് പോകേണ്ടി വരുകയെന്ന് പലരും പറയുന്നുണ്ടെങ്കിലും മറ്റൊരു നിർദ്ദേശമാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ മുന്നോട്ട് വെക്കുന്നത്.

മൂന്നാം ടെസ്റ്റിൽ രോഹിത് തിരിച്ചെത്തുമ്പോൾ പകരം ഹനുമ വിഹാരിയെ ഇന്ത്യ, പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഗവാസ്കറിന്റെ പക്ഷം. ടീമിലേക്കെത്തുന്ന രോഹിത്, മയങ്ക് അഗർവാളിനൊപ്പം ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും, രണ്ടാം ടെസ്റ്റിൽ ഓപ്പണിംഗിറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ച യുവ താരം ശുഭ്മാൻ ഗില്ലിനെ മധ്യനിരയിലേക്ക് മാറ്റണമെന്നും ഇന്ത്യൻ ഇതിഹാസ താരം ഇതിനൊപ്പം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സോണി സ്പോർട്സ് നെറ്റ് വർക്കിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.