SHARE

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് അധികകാലം ഇന്ത്യയെ നയിക്കാൻ കഴിയുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം ഗ്രേയിം സ്മിത്ത്. കഴിഞ്ഞ ദിവസം ഒരു ദക്ഷിണാഫ്രിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സ്മിത്ത് ഇക്കാര്യം പറഞ്ഞത്.

കോഹ്ലി മികച്ച പ്രതിഭയുള്ള താരമാണെന്നും എന്നാല്‍ ടീമിനെ നയിക്കുമ്പോള്‍ മറ്റ് താരങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ തന്നെ വേണമെന്നും സ്മിത്ത് പറഞ്ഞു. സ്വന്തം നാട്ടില്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ച കോഹ്ലിക്ക് ദക്ഷിണാഫ്രിക്കയിൽ ഇത് സാധിച്ചില്ലെന്നതാണ് സ്മിത്ത് ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം. ‘ പലപ്പോഴും കോഹ്ലിയെ നിരീക്ഷിക്കുമ്പോള്‍, അദ്ദേഹത്തിനെ പിന്തുണയ്ക്കാനും നല്ല രീതിയില്‍ തിരുത്താനും കഴിയുന്ന മറ്റാരെങ്കിലും കൂടെ വേണമെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്,’ – സ്മിത്ത് പറഞ്ഞു.

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം സ്ഥാനവും കൊണ്ട് ദക്ഷിണാഫ്രിക്കയില്‍ പോയ ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റുകള്‍ പരാജയപ്പെട്ടിരുന്നു. ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍ വിമര്‍ശനങ്ങളും ടീം നേരിടുന്നുണ്ട്. നാളെയാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം തുടങ്ങുന്നത്.