SHARE

നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച രീതിയിൽ യോർക്കറുകൾ എറിയാൻ മികവുള്ള പേസ് ബൗളർമാരിലൊരാളാണ് ജസ്പ്രിത് ബുംറ. താരത്തിന്റെ ഏറ്റവും വലിയ ആയുധവും, കരുത്തുമായി ഭൂരിഭാഗം ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതും യോർക്കറുകളാണ്‌. എന്നാൽ ഇക്കാര്യത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

ബുംറയുടെ ഏറ്റവും വലിയ കരുത്ത് യോർക്കറുകളല്ലെന്നും മറിച്ച് സ്ലോവർ ബോളുകളാണെന്നുമാണ് ഗംഭീർ പറയുന്നത്. മികച്ച രീതിയിൽ സ്ലോവർ ബോളുകൾ എറിയാൻ കഴിയുന്ന താരങ്ങൾക്ക് ഭീഷണിപ്പെടുത്തുന്ന യോർക്കറുകൾ എറിയാനുള്ള മികവുണ്ടാകുമെന്ന് അഭിപ്രായപ്പെടുന്ന ഗംഭീർ, ലങ്കൻ ഇതിഹാസ താരം ലസിത് മലിംഗയും, ജസ്പ്രിത് ബുംറയും ഇക്കാര്യത്തിൽ ഒരു പോലെയാണെന്നും ചൂണ്ടിക്കാട്ടി.

ബുംറയ്ക്കെതിരെ പ്രതിരോധ തന്ത്രവും ബാറ്റ്സ്മാന്മാർക്ക് ഫലപ്രദമാവില്ലെന്നാണ് ഗംഭീറിന്റെ പക്ഷം. ബാറ്റ്സ്മാന്മാരുടെ പ്രതിരോധം അനായാസം തകർക്കാനുള്ള അത്രയും മികവുള്ള ബുംറയുടെ പല പുറത്താക്കലുകളും ഏറെ മനോഹരമാണെന്ന് ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം ഇത്തവണത്തെ ഐപിഎല്ലിൽ സ്വപ്ന ഫോമിലൂടെയാണ് മുംബൈ ഇന്ത്യൻസ് താരമായ ജസ്പ്രിത് ബും റ കടന്ന് പോകുന്നത്. സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകൾ വീഴ്ത്തിയ ബും റ, ഇത്തവണത്തെ വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ട്‌.