SHARE

നോട്ടിങ്ഹാമിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് നേടിയിട്ടുണ്ട്. അർദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും അജിങ്ക്യ രഹാനെയുടെയും പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സെഞ്ചുറിക്കരികെ 97 റൺസിനാണ് കോഹ്‌ലി പുറത്തായത്, 81 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം.

ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കരുതലോടെ തുടങ്ങിയ ധവാനും രാഹുലും ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ സ്കോർ 60 ൽ നിൽക്കെ ഇന്ത്യക്ക് ആദ്യ പ്രഹരം നൽകി ക്രിസ് വോക്കേസിന്റെ പന്തിൽ ധവാൻ പുറത്ത്. പിന്നാലെ രാഹുലും ഏറെ താമസിക്കാതെ പൂജാരയും മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ അസ്ഥാനത്തായോ എന്ന സംശയം.

എന്നാൽ പിന്നീട് ക്രീസിലെത്തിയ വിരാടും രഹാനെയും ചേർന്ന് ഇന്ത്യൻ സ്കോർ അതിവേഗം ഉയർത്തി. കൂറ്റൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന കൂട്ടുകെട്ട് പൊളിച്ചത് ഇംഗ്ലീഷ് ബൗളർ സ്റ്റുവർട്ട് ബ്രോഡായിരുന്നു. ബ്രോഡെറിഞ്ഞ പന്ത് രഹാനെയുടെ ബാറ്റിൽ തട്ടി സ്കിപ്പിലുണ്ടായിരുന്ന കുക്കിന്റെ കയ്യിലേക്ക്. ഒന്നാം ദിനം കളി നിർത്തുന്നതിന് തൊട്ടുമുമ്പ്  18 റൺസെടുത്ത ഹാർദ്ധിക് പാണ്ഡ്യയയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 22 റൺസുമായി യുവതാരം ഋഷാഭ് പന്താണ് ക്രീസിൽ.  ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 2-0 ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ 30 റണ്‍സിന് വിജയിച്ച ഇംഗ്ലണ്ട് ലോര്‍ഡ്‌സില്‍ ഇന്ത്യയെ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് തകര്‍ത്തത്. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ പൊരുതിനോക്കാന്‍ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. നോട്ടിംഗ്ഹാമില്‍ കൂടി വിജയിച്ച് പരമ്പര നേടാനായിരിക്കും ഇംഗ്ലണ്ടിന്റെ ശ്രമം. എന്നാല്‍ പരമ്പരയിൽ തിരിച്ചുവരാന്‍ ഒരുങ്ങിത്തന്നെയാണ് ഇന്ത്യ.