SHARE

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായിരുന്ന മക്കായ എന്റിനിയുടെ ആദ്യ കോച്ചിംഗ് കരിയറിന് അവസാനം. സിംബാബ്‌വെയുടെ ബൗളിംഗ് കോച്ച് സ്ഥാനത്തു നിന്നും എന്റിനി രാജിവച്ചു. വ്യക്തിപരമാണ് പടിയിറക്കമെന്നാണ് പറയുന്നതെങ്കിലും കളിക്കാരുമായുള്ള ഭിന്നതയാണ് കാരണമെന്നാണ് സൂചന. രണ്ടുവര്‍ഷം മുമ്പ് 2016ലാണ് ദക്ഷിണാഫ്രിക്കന്‍ താരം സിംബാബ്‌വെ ടീമിനൊപ്പം ചേരുന്നത്. ഇടക്കാലത്ത് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനവും വഹിച്ചു.

എന്റിനി ബൗളിംഗ് കോച്ചായിരുന്ന സമയത്താണ് ടീം ശ്രീലങ്കയില്‍ ഏകദിന പരമ്പര ജയിക്കുന്നത്. അടുത്തിടെ സിംബാബ്‌വെ നടത്തിയ മികച്ച പ്രകടനങ്ങളുടെ ക്രെഡിറ്റ് അദേഹത്തിനും കൂടി അവകാശപ്പെട്ടതാണ്. പേസ് ബൗളര്‍മാരെ കൂടുതല്‍ കാര്യക്ഷമതയോടെ പരീക്ഷിക്കാനും അവരെ കൂടുതല്‍ കൃത്യതയോടെ പന്തെറിയിക്കാനും എന്റിനിക്ക് കഴിഞ്ഞതായി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഈ മാസം ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് സിംബാബ്‌വെ ഇനി കളിക്കുന്നത്. ഇതിനുശേഷം യുഎഇയില്‍ അഫ്ഗാനിസ്ഥാനെതിരേ ഏകദിന, ട്വന്റി-20 പരമ്പര കളിക്കുന്നുണ്ട്. മാര്‍ച്ചില്‍ സ്വന്തം നാട്ടില്‍ ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടും നടക്കുന്നു. എന്റിനിയുടെ മടക്കം സിംബാബ്‌വെയ്ക്ക് തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.